‘സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണം; തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രകടനപത്രിക കാപട്യം’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, May 22, 2022

കൊച്ചി: ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നികുതി കൂട്ടിയതാണ് ഇന്ധനവില കൂടാന്‍ കാരണം. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ കേരളം സന്തോഷിക്കുകയാണ്. അധികവരുമാനം വേണ്ടെന്ന് വെക്കാന്‍ സംസ്ഥാനം തയാറാകണം.  സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി കൊണ്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന് പുറമേ സംസ്ഥാന സര്‍ക്കാരും ഇന്ധനവില കുറയ്ക്കാൻ തയാറാകണം. നികുതി കൂട്ടിയപ്പോഴുണ്ടായ അധികവരുമാനം സർക്കാർ മറച്ചുവെക്കുകയാണ്. നാല് വർഷം കൊണ്ട് 6000 കോടിയാണ് അധികവരുമാനം നേടിയത്. അധിക വകരുമാനം വേണ്ടെന്ന് വെക്കാൻ സര്‍ക്കാര്‍ തയാറാകണം. അധികവരുമാനം സംസ്ഥാനം വേണ്ടെന്ന് വെച്ചാൽ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയു. തൃക്കാക്കരയിൽ 100 തികയ്ക്കുമെന്ന് പറയുന്ന സർക്കാർ തക്കാളിക്ക് 100 രൂപ കടന്നത് അറിഞ്ഞിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

തൃക്കാക്കരയ്ക്കായുള്ള എല്‍ഡിഎഫ് പ്രകടനപത്രിക കാപട്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുസര്‍ക്കാര്‍ എന്തു വികസനമാണ് കൊച്ചിക്ക് വേണ്ടി നടപ്പാക്കിയത്? കൊച്ചിയുടെ വികസനത്തിനായി ചെറുവിരല്‍ അനക്കാത്തവരാണ് പ്രകടനപത്രികയിറക്കിയത്. പി.സി ജോര്‍ജിന്‍റേത് അറസ്റ്റ് നാടകമാണ്. പി.സി ജോര്‍ജിന് മുങ്ങാന്‍ അവസരമുണ്ടാക്കിയിട്ട് സർക്കാർ നാടകം കളിക്കുന്നു. പി.സി ജോർജ് എവിടെ പോയെന്ന് അറിയാനുള്ള ഇന്‍റലിജൻസ് സംവിധാനം പോലും സർക്കാരിനില്ല. വോട്ടെടുപ്പ് അടുത്തപ്പോള്‍ അറസ്റ്റെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.