ഭിന്നശേഷി ജീവനക്കാരുടെ സംവരണത്തിൽ സുപ്രിം കോടതി വിധി ആവർത്തിച്ചിട്ടും അനുസരിക്കാതെ സംസ്ഥാന സർക്കാർ. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റത്തിന് സംവരണം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ.
ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷൻ സംവരണത്തിൽ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീൽ തള്ളി വിധി സുപ്രീം കോടതി ആവർത്തിച്ചിട്ടും സർക്കാർ തലത്തിൽ നടപടി വൈകുകയാണ്.
ഭിന്ന ശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റത്തിന് സംവരണം നൽകണമെന്ന് 2016 ലാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ആന്ധ്ര, ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വിധി നടപ്പിലാക്കി യെങ്കിലും കേരള സർക്കാർ വിധി നടപ്പിലാക്കിയില്ല. ചില വിഷയങ്ങളിലെ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ അതീവ താല്പര്യം കാട്ടുന്ന സംസ്ഥാന സർക്കാർ ഭിന്നശേഷി ജീവനക്കാരുടെ കാര്യത്തിൽ വിധി നടപ്പിലാക്കാൻ തയ്യാറാവുന്നില്ല.
ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷൻ സംവരണം നൽകണമെന്ന സുപ്രിം കോടതി ജസ്റ്റീസ് ചെലമേശ്വർ ഉൾപ്പടെയുള്ള ജഡ്ജിമാർ അടങ്ങുന്ന ബഞ്ചിന്റെ വിധി വീണ്ടും ശരി വെച്ച് കൊണ്ട് കഴിഞ്ഞ മാസം 14നാണ് ഉത്തരവായത്.ഭരണഘടനയുടെ 142 അനുഛേദപ്രകാരം സുപ്രിം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്.
ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ സുപ്രിം കോടതി വിധി കേരളത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും സമീപിച്ചുവെങ്കിലും സർക്കാർ ഭിന്നശേഷി ക്കാരെ അവഗണിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധി അനുസരിക്കാത്ത സാഹചര്യത്തിൽ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാനാണ് ഭിന്നശേഷി ജീവനക്കാരുടെ തീരുമാനം. സുപ്രിം കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ.