സാമ്പത്തിക വർഷം അവസാനിക്കാൻ 47 ദിവസങ്ങൾ ബാക്കി നിൽക്കേ പദ്ധതി നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തി സംസ്ഥാന സർക്കാർ . ഇതുവരെ ആകെ 51ശതമാനം മാത്രമാണ് പദ്ധതിച്ചെലവ്. തീരദേശ ഉൾനാടൻ ജലഗതാഗതം, ഭവന നിർമ്മാണ വകുപ്പുകളുടെ ചെലവഴിക്കൽ പത്ത് ശതമാനം പോലുമെത്തിയിട്ടില്ലെന്നതും പാളിച്ച വ്യക്തമാക്കുന്നു.
2018-19 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും പദ്ധതി നിർവ്വഹണം കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 22 വകുപ്പുകൾ 50 ശതമാനത്തിൽ താഴെയാണ് തുക ചിലവഴിച്ചിട്ടുള്ളത്. അതിൽ തന്നെ 6.95 ശതമാനം തുക ചെലവഴിച്ച തീരദേശ – ഉൾനാടൻ ജലഗതാഗതം, 2.67ശതമാനം തുക ചെലവഴിച്ച ഭവന നിർമ്മാണം എന്നീ വകുപ്പുകളാണ് പദ്ധതി നിർവ്വഹണത്തിൽ ഏറെ പിന്നിലുള്ളത്. ഇതിനു പിന്നിൽ 23.38ശതമാനം ചെലവഴിച്ച് പരിസ്ഥിതി വകുപ്പും നിർവ്വഹണത്തിലെ വീഴ്ച്ച തുറന്നു കാട്ടുകയാണ്. 93.59 കോടിയാണ് തീരദേശ – ഉൾനാടൻ ജലഗതാഗത വകുപ്പിനായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ ആറരക്കോടി മാത്രമാണ് ഇതുവരെ ആകെ ചെലവ്. ഭവന നിർമ്മാണത്തിന് 62.6 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 1.67 കോടി മാത്രം.
പരിസ്ഥിതിയ്ക്കായി 71.16 കോടി നീക്കിവെച്ചപ്പോൾ ഇതുവരെ ചെലവഴിച്ചത് 16.64 കോടിയാണ്. പദ്ധതി നിർവ്വഹണത്തിലെ വീഴ്ച്ചയിൽ സെക്രട്ടറിതല യോഗത്തിൽ ചീഫ് സെക്രട്ടറി വിമർശനവും ഉന്നയിച്ചു. നിർവ്വഹണം പാളിയ വകുപ്പുകളിലെ സെക്രട്ടറിമാർ നേരിട്ട് തുക ചെലവഴിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഭവന നിർമ്മാണ – പരിസ്ഥി വകുപ്പുകൾക്ക് അനുവദിച്ചുള്ള തുക ഈ സാമ്പത്തിക വർഷം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തുക ലൈഫ് മിഷനിലേക്കും, ക്ലീൻ കേരള കമ്പനിയിലേക്കും നൽകണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വർഗ വകുപ്പ്, വനിത ശിശുക്ഷേമ വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിൽ ചില അപാകതയുണ്ടെന്നും കഴിഞ്ഞ മാസം 25ന് ചേർന്ന യോഗം വിലയിരുത്തിയിട്ടുണ്ട്. പ്രളയപുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിൽ പദ്ധതി നിർവ്വഹണം കൂടി പാളിയതോടെ സർക്കാരിന്റെ ഭരണനിർവ്വഹണത്തിലെ പാളിച്ചയാണ് വെളിച്ചത്തു വരുന്നത്.