മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുന്നു; അക്രമങ്ങള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു -കടകംപള്ളി സുരേന്ദ്രന്‍

Jaihind Webdesk
Sunday, January 6, 2019

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് വിദേശ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത് സംസ്ഥാനത്തിന് അപമാനകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത വാഹനം കല്ലെറിഞ്ഞത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന് ടൂറിസ്റ്റുകള്‍ക്ക് വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇത് മൂലം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖല തകര്‍ന്നാല്‍ നമ്മുടെ സാമ്പത്തിക മേഖലയാണ് തകരുന്നത്. നമ്മുടെ ജിഡിപിയുടെ 10 ശതമാനം കേരളത്തിന് സമ്മാനിക്കുന്നത് വിനോദസഞ്ചാരമേഖലയാണ്.
ശബരിമല കര്‍മ്മ സമിതി തന്ത്രിയെ ആയുധമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കര്‍മ്മ സമിതി എന്നുപറഞ്ഞാല്‍ ആര്‍എസ്എസ് തന്നെയാണ്. അവര്‍ തങ്ങളുടെ ആവശ്യത്തിനായി തന്ത്രിയെയും ക്ഷേത്രങ്ങളെയും ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. അക്കാര്യത്തില്‍ സംശയമില്ല. അയിത്താചാരത്തിന്റെ പ്രശ്നം പോലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല. തന്ത്രി ഏത് തീരുമാനം എടുക്കുമ്പോഴും ദേവസ്വം ബോര്‍ഡിനോട് ആലോചിക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ തന്ത്രിയോട് വിശദികരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം ദേവസ്വം ബോര്‍ഡ് ഉചിതമായ തീരുമാനമെടുക്കും. തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡാണ്. തന്ത്രിയെ മാറ്റാനും ബോര്‍ഡിന് കഴിയും. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.