രേവതി മികച്ച നടി; ബിജു മേനോനും ജോജുവും മികച്ച നടന്മാർ

Jaihind Webdesk
Friday, May 27, 2022

 

തിരുവനന്തപുരം : 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു.  മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. ആവാസവ്യൂഹം ആണ് മികച്ച ചിത്രം. പരിചയ സമ്പന്നരും നവാഗതരും തമ്മിലുള്ള ഏറ്റുമുട്ടലിനായിരുന്നു ഇത്തവണ കളമൊരുങ്ങിയത്.

കേരളത്തിന്റെ സമ്പന്നമായ ഒരു ചലച്ചിത്ര സംസ്കാരത്തെ അടയാളപ്പെടുത്തുന്ന 142 ചലച്ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്.

ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത കൃഷാന്ദ് ആര്‍.കെയുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് മികച്ച ജനപ്രിയ ചിത്രം.

ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന ട്രാൻസ്‌വുമൻ കഥാപാത്രത്തിന്‍റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം രണ്ട് സിനിമകൾക്കാണ്. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ‘ചവിട്ട്’, താര രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ എന്നീ സിനിമകൾക്കാണ് ഈ പുരസ്കാരം. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി). മികച്ച കഥാകൃത്ത് ഷാഹി കബീർ (ചിത്രം: നായാട്ട്). മികച്ച കുട്ടികളുടെ ചിത്രം: കാടകലം, സംവിധാനം: സഖിൽ രവീന്ദ്രൻ, മികച്ച നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, ചിത്രം: പ്രാപ്പെട.

ഹിഷാം അബ്ദുൾ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ). ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. കളയിലെ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനായി. ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവനടി (ചിത്രം ജോജി). മികച്ച ബാലതാരം (ആൺ) മാസ്റ്റർ ആദിത്യൻ (ചിത്രം: നിറയെ തത്തകൾ ഉള്ള മരം), മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല). മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ (ഗാനം: കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ, ചിത്രം: കാടകലം). മികച്ച പിന്നണി ഗായകൻ പ്രദീപ് കുമാർ (ഗാനം: രാവിൽ മയങ്ങുമീ പൂമടിയിൽ, ചിത്രം: മിന്നല്‍ മുരളി). മികച്ച ഗായിക സിത്താര കൃഷ്ണകുമാർ (ഗാനം: പാൽനിലാവിൻ പൊയ്കയിൽ, ചിത്രം: കാണെകാണെ)

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. കോവിഡിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇക്കാലയളവില്‍ സിനിമാമേഖലയ്ക്ക് തുണയായത്.