സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ പൃഥ്വിരാജ്, ഉർവശി, ബീന ചന്ദ്രന്‍ നടിമാർ: ഒമ്പത് അവാർഡുകള്‍ വാരികൂട്ടി ആടുജീവിതം

 

54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉൾപ്പടെ ഒമ്പത് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങി. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന്, ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ്, സംവിധായകന്‍, ശബ്ദമിശ്രണം തുടങ്ങി ഒമ്പത് പുരസ്കാരങ്ങളാണ് വാരികൂട്ടിയത്.

ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്) ബീന.ആർ.ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം: കാതൽ. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് മികച്ച ഗായകനുള്ള പുരസ്കാരം നേടിയത്. ആൻ ആമി മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ വർഗീസ് ആണ് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം നേടിയത്. പശ്ചാത്തലസംഗീതം: മാത്യൂസ് പുളിക്കൻ (ചിത്രം: കാതൽ)

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി.

Comments (0)
Add Comment