കൊവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനം ; വാക്സിനേഷന്‍ മന്ദഗതിയില്‍

Jaihind Webdesk
Saturday, April 10, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലേക്ക് എത്തിയേക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. കൊവിഡ് വാക്സിനേഷന് പ്രതീക്ഷിച്ചത്ര വേഗതയില്ലാത്തത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കാനാണ് നിർദ്ദേശം. ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ കോളേജുകളിൽ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. അതേസമയം 45 വയസിന് മുകളിലുള്ള എല്ലാവർക്കും പരമാവധി ഒരു മാസത്തിനുള്ളിൽ തന്നെ ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യം വെക്കുന്നത്.

എന്നാല്‍ കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിച്ച വേഗതയില്‍ സംസ്ഥാനത്ത് മുന്നേറുന്നില്ലെന്നതാണ് യാഥാർത്ഥ്യം. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ 18 വയസ് മുതലുള്ളവ‍ർക്കും വാക്സിൻ നൽകാനുള്ള അനുമതി തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജനുവരി 16ന് തുടങ്ങിയ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിൻ നല്‍കിയത്. പ്രതിദിനം 13,300 പേര്‍ക്ക് കുത്തിവെപ്പ് നൽകാൻ ഉദ്ദേശിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴും വാക്സിനെടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകരുണ്ട്. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസ് കഴിഞ്ഞ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിൻ നല്‍കി തുടങ്ങി.

ഏപ്രിൽ ഒന്നുമുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ നല്‍കി തുടങ്ങി. 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എന്നാല്‍ ഇതും പ്രതീക്ഷിച്ച വേഗതയില്‍ മുന്നേറുന്നില്ല. ഇതുവരെയുള്ള 4750 കൊവിഡ് മരണങ്ങളില്‍ 96 ശതമാനവും 45 വയസിന് മേല്‍ പ്രായമുള്ളവരിലാണ്. കൊവിഡ് വാക്സിനേഷൻ തുടങ്ങി മൂന്ന് മാസം ആകുമ്പോഴും കേരളത്തില്‍ ഇതുവരെ വാക്സിൻ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രമാണ്.