സംസ്ഥാനം വീണ്ടും പനി ഭീതിയില്‍; ഡെങ്കിപ്പനിയും പകർച്ചപ്പനിയും പടരുന്നു; നാളെ ഉന്നതതല യോഗം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും പകർച്ചപ്പനിയും വർധിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആശങ്കാജനകമായ നിലയിലേക്ക്
ഡെങ്കിപ്പനി വ്യാപനം വർധിക്കുമ്പോഴും കൊതുകുനശീകരണവും പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചപ്പനിയു ടെയും ഡെങ്കിപ്പനിയുടെയും വ്യാപന തോത് ക്രമാതീതമായി വർധിക്കുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചതോടെ കഴിഞ്ഞ 10 ദിവസത്തിനിടയിൽ തലസ്ഥാനത്ത് മാത്രം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. 27-കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്ത് മരിച്ചത്. അതിന് മുമ്പ് ആറ് വയസുകാരിയും 27-കാരനായ യുവാവും മരിച്ചിരുന്നു. യുവാക്കളിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാം വിധം ഡെങ്കിപ്പനി
ബാധിക്കുന്നത് ആശങ്കാകുലമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ്. ഡെങ്കിപ്പനിക്ക് പുറമേ പകർച്ചപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് പടർന്നു പിടിക്കുകയാണ്.

സെപ്റ്റംബറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1697 ഡെങ്കിപ്പനി കേസുകളാണ്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പുറമേ 210 എലിപ്പനി കേസുകളും ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കിപ്പനിയുംകേസുകളും 292 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണവും വർധിച്ചു.

കൊതുകു നശീകരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും തുടക്കത്തിലെ സർക്കാർ സംവിധാനങ്ങൾ പാളിയതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന പരാതിയാണ് ഉയരുന്നത്. മഴക്കാലത്തിന് മുമ്പ് ശുചീകരണ കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
ഭാഗത്തുനിന്ന് ഉണ്ടായത്. പനി വ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Comments (0)
Add Comment