ഭരണകൂടത്തിന്‍റെയും കോടതിയുടേയും നിസംഗത ; സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകത്തിന് തുല്യമെന്ന് എ.കെ ആന്‍റണി

Jaihind Webdesk
Monday, July 5, 2021

ന്യൂഡല്‍ഹി : ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകത്തിന് തുല്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. ഭരണകൂടത്തിന്‍റെയും കോടതിയുടേയും നിസംഗതമൂലമുണ്ടായ മരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭീമ കൊറെഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു  സ്റ്റാന്‍ സ്വാമിയുടെ മരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

സ്റ്റാന്‍ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ചികില്‍സ വൈകിയെന്ന് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പൂനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.