എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ വൈകിട്ട് 3 മണിക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നേരത്തെ ഇരുപതാം തീയതി ഫലം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും നാളെ മൂന്ന് മണിക്ക് തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം ഒദ്യോഗികമായി പ്രസിദ്ധീകരിക്കും.

4,19,362 കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയതില്‍ 2,13,801 ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,170 സെന്‍ററുകളും എയ്ഡഡ് മേഖലയിൽ 1,421 സെന്‍ററുകളും അൺ എയ്ഡഡ് മേഖലയിൽ 369 സെന്‍ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്‍ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി.

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഇതിന് പുറമെ sslcexam.kerala.gov.in എന്ന സൈറ്റിലും ഫലം ലഭ്യമാകും. പിആർഡി വെബ്സൈറ്റുകളിലും സർക്കാരിന്‍റെ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാനുള്ള അവസരവും ഒരുക്കും. വെബ്സൈറ്റിൽ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിലെ ഹോം പേജിലെ എസ്എസ്എല്‍സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാം. തുടർന്നുവരുന്ന വിൻഡോയിൽ രജിസ്ട്രേഷന്‍ നമ്പറും, ജനന തീയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാം.

ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.

Comments (0)
Add Comment