അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എപ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്


എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട ശില്‍പശാലയ്ക്കിടെ എസ്.ഷാനവാസ് വിമര്‍ശിച്ചു. 50% മാര്‍ക്കുവരെ നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എ പ്ലസ് വര്‍ധിപ്പിക്കാനായി ഉദാരമായി മാര്‍ക്കുകള്‍ നല്‍കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. പൊതുപരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. 50% വരെ മാര്‍ക്കു നല്‍കാം. 50% മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്. അവിടെ നിര്‍ത്തണം. അതിനപ്പുറമുള്ള മാര്‍ക്ക് കുട്ടികള്‍ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താന്‍ പഠിച്ചിരുന്നപ്പോള്‍ 5000 പേര്‍ക്കു മാത്രമാണ് എസ്എസ്എല്‍സിയില്‍ ഡിസ്റ്റിങ്ഷന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 69,000 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്. പലര്‍ക്കും അക്ഷരം കൂട്ടി വായിക്കാന്‍ അറിയില്ല. സ്വന്തം പേര് എഴുതാന്‍ അറിയില്ല. ഒരുകാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോള്‍ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികള്‍ വളരെ പിന്നിലാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചു. ഈ വര്‍ഷം 99.7% ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിജയം. 68,604 വിദ്യാര്‍ഥികള്‍ക്കായിരുന്നു മുഴുവന്‍ എ പ്ലസ്. കഴിഞ്ഞ വര്‍ഷമിത് 99.2% ആയിരുന്നു. എ പ്ലസ് ലഭിച്ചവര്‍ 44,363.

Comments (0)
Add Comment