ശ്രീറാം മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവില്‍; കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ല

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോടതി മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ നിർദേശിച്ച ശ്രീറാം വെങ്കട്ടരാമനെ പ്രവേശിപ്പിച്ചത് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാ ഐ.സി.യുവില്‍. സ്വകാര്യ ആശുപത്രിയിലെ സുഖചികിത്സ വിവാദമായതിനെ തുടര്‍ന്നാണ് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കുകയായിരുന്നു.

കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല എന്നതിനാലാണ് ശ്രീറാമിനെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് നിർദേശം നല്‍കിയത്. എന്നാല്‍ റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാർക്കുമുള്ള പോലീസ് സെല്ലില്‍ പ്രവേശിപ്പിക്കാതെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാ ഐ.സി.യുവിലാണ് ശ്രീറാമിനെ പ്രവേശിപ്പിച്ചത്.

അതേസമയം ശ്രീറാം കടുത്ത മാനസികസമ്മര്‍ദത്തിലാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിഗമനം. ശ്രീറാമിന് കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ല. ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്നത് അറിയാനായി സ്കാനിംഗ് റിസള്‍ട്ട് അറിയേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചു. അടുത്ത മെഡിക്കൽ ബോർഡ് യോഗം വരെ ശ്രീറാം ഐ.സി.യുവിൽ തുടരും. 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കാര്യമായ പരിക്കുകള്‍ ഇല്ലാത്ത തടവുകാരനെ ആശുപത്രിയിലെ പോലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിന് പകരം സ്പെഷ്യല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതും വിവാദമാവുകയാണ്. ജയിലിൽ പോകുന്നത് ഒഴിവാക്കാനുള്ള  നാടകമാണ് നടക്കുന്നതെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശാനുസരണം മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

sriram venkataraman
Comments (0)
Add Comment