കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും ഈ മാസം 27 ന് പരിഗണിക്കും.

കേസ് പരിഗണിച്ച തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 16ന് കേസ് പരിഗണിച്ചപ്പോൾ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിതിന്‍റെ അടിസ്ഥാനത്തിൽ ശ്രീറാം കോടതിയിൽ ഹാജരായി.

കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേൾപ്പിക്കാനായിട്ടില്ല. 2019 ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവർത്തകന്‍ കെ.എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഫെബ്രുവരി ഒന്നിനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമനാണ് ഒന്നാം പ്രതി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസ് രണ്ടാം പ്രതി. മദ്യപിച്ച് അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമിതവേഗത്തിൽ വണ്ടിയോടിക്കാൻ വഫ ശ്രീറാമിനെ പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Comments (0)
Add Comment