എസ്.ഡി.പി.ഐയുടെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് ശ്രീനിവാസ്.ബി.വി; നൗഷാദിന്റെ കൊലപാതകത്തില്‍ നീതി നടപ്പിലാകുന്നതുവരെ പോരാടുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, July 31, 2019

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ ഭീകരര്‍ ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വി.
‘എസ്.ഡി.പി.ഐ (പോപ്പുലര്‍ ഫ്രണ്ട്)യുടെ മൃഗീയവും, ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു. ഇത് രാഷ്ട്രീയമല്ല വിദ്വേഷക്കൊലപാതകമാണ്. നൗഷാദിന്റെ കൊലപാതകത്തില്‍ ഉടനടി നീതി നടപ്പാക്കപ്പെടണം അതുവരെ ഞങ്ങള്‍ നിശ്ശബ്ദരായിരിക്കില്ല. നൗഷാദിന്റെ കുടുംബത്തോടൊപ്പം ഈ ദുരവസ്ഥയില്‍ ഒപ്പം നില്‍ക്കുന്നു’ ശ്രീനിവാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.
നൗഷാദിനൊപ്പം വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.