Andhra Pradesh Stampede| ശ്രീകാകുളം ദുരന്തം: ക്ഷേത്ര ഉടമയ്‌ക്കെതിരെ നരഹത്യാ കേസ്; ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

Jaihind News Bureau
Sunday, November 2, 2025

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പതോളം ഭക്തര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ നരഹത്യാ കേസ് ചുമത്തി. ക്ഷേത്രം നിര്‍മ്മിച്ചതും ഏകാദശി ഉത്സവം സംഘടിപ്പിച്ചതും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

നരഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്ഷേത്ര ഉടമയായ ഹരി മുകുന്ദ് പാണ്ഡയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം അടുത്തിടെയാണ് നിര്‍മ്മിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്ഷേത്രം തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഏകാദശിയോടനുബന്ധിച്ച് ഏകദേശം 20,000-ല്‍ അധികം ഭക്തര്‍ എത്തിച്ചേര്‍ന്ന ഈ ഉത്സവത്തിന് സംഘാടകര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നോ പൊലീസില്‍ നിന്നോ യാതൊരു അനുമതിയും വാങ്ങിയിരുന്നില്ല.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പുറത്തുവരാനുമായി ഒരൊറ്റ വഴി മാത്രമാണുണ്ടായിരുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തര്‍ ഒന്നിച്ചു മുന്നോട്ട് കുതിച്ചതാണ് തിക്കിലും തിരക്കിലും കലാശിക്കാന്‍ കാരണം. ഇത്രയധികം തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ബാരിക്കേഡുകളോ, സി.സി.ടി.വി. സംവിധാനങ്ങളോ, മതിയായ സുരക്ഷാ ജീവനക്കാരോ ക്ഷേത്രത്തിലുണ്ടായിരുന്നില്ല.

ശനിയാഴ്ച രാവിലെയാണ് കാസിബുഗ്ഗയിലെ ക്ഷേത്രത്തില്‍ തിക്കും തിരക്കും ഉണ്ടായത്. മരണപ്പെട്ടവരില്‍ എട്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ 15-ല്‍ അധികം ആളുകള്‍ പ്രദേശത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.