18 മാസത്തെ അനിശ്ചിതത്വത്തിനു ശേഷം ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്‍റ് ഇലക്ഷൻ. ആകെ 35 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൈത്രിപാല സിരിസേന മത്സരിക്കില്ല എന്നത് ശ്രദ്ധേയമാണ്.
ആഴ്ചകൾ നീണ്ട പ്രചരണത്തിനു ശേഷം ശ്രീലങ്കൻ ജനത, പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിലേക്കായി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഏപ്രിലിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണം രാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യചിഹ്നം ഉയർത്തിയിരുന്നു. രാജ്യസുരക്ഷയും, മത തീവ്രവാദവും, സാമ്പത്തിക പ്രതിസന്ധിയും ഒരുപോലെ ചർച്ചാവിഷയമാവുകയാണ് ഈ തെരെഞ്ഞെടുപ്പിൽ. ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടി സ്ഥാനാർത്ഥി ഗോതാബായ രാജപക്‌സെ മുൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ സഹോദരൻ ആണ്.
യുണൈറ്റഡ് നാഷണൽ ഫ്രണ്ട് സഖ്യം സ്ഥാനാർത്ഥി ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് രണസിംഗെ പ്രേമദാസയുടെ മകൾ ആണ്. നിലവിൽ റനിൽ വിക്രമ സിംഗെയുടെ മന്ത്രിസഭയിലെ അംഗവുമാണ്. ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന മത്സരിക്കില്ല എന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആകെ 1.6 കോടി ജനങ്ങൾക്കാണ് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിൽ സമ്മതിദായക അവകാശം ഉള്ളത്.ബാലറ്റ് പേപ്പർ വഴിയാണ് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ചയാണ് പുറത്തുവരിക.