ശ്രീറാമിനെ അറസ്റ്റ് ചെയ്തു; വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

Jaihind Webdesk
Saturday, August 3, 2019

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം, ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്.

രാത്രി വാഹനം കവടിയാറില്‍ എത്തിക്കാന്‍ ശ്രീറാം ആവശ്യപ്പെടുകയായിരുന്നുവെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ മൊഴി നല്‍കിയിട്ടുണ്ട്. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വാഹനം ഓടിച്ചത്. മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു. ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നുവെന്നും കാറില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.