ഇത് സി.പി.എമ്മിനോട് ശ്രീകണ്ഠന്‍റെ പ്രതികാരം; 30 വര്‍ഷങ്ങള്‍ക്ക് ശേഷം താടിയെടുത്തു; അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശം

Jaihind Webdesk
Saturday, June 22, 2019

V.K-Sreekandan

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ താടി വടിച്ചപ്പോള്‍ അത് സി.പി.എമ്മിനോടുള്ള മധുരപ്രതികാരം കൂടിയായി. സി.പി.എം പരാജയപ്പെടുമ്പോള്‍ താടിയെടുക്കുമെന്നായിരുന്നു വി.കെ ശ്രീകണ്ഠന്‍റെ പ്രതിജ്ഞ. പാലക്കാട് എം.ബി രാജേഷിനെ പരാജയപ്പെടുത്തി എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് മടങ്ങിയെത്തിയതിന് പിന്നാലെ ശ്രീകണ്ഠന്‍ ആദ്യം ചെയ്തതും താടിയെടുത്ത് പ്രതിജ്ഞ പാലിക്കലായിരുന്നു.

ഷൊർണൂർ എസ്.എൻ കോളേജിൽ കെ.എസ്.യു ഭാരവാഹി ആയിരുന്ന സമയത്താണ് എസ്.എഫ്.ഐ പ്രവർത്തകർ സോഡാക്കുപ്പി ഉപയോഗിച്ച് ശ്രീകണ്ഠനെ ആക്രമിച്ചത്. സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്‍റെ മുഖത്ത് ആഞ്ഞുകുത്തുകയായിരുന്നു. ശക്തമായ കുത്തില്‍ സോഡാക്കുപ്പി ഇടത് കവിള്‍ തുളച്ച് വായ്ക്കുള്ളിലെത്തി. 13 തുന്നലുകളാണ് വേണ്ടിവന്നത്. മുഖത്തുണ്ടായ മുറിപ്പാട് കാണാതിരിക്കാനാണ് ശ്രീകണ്ഠൻ താടി വളർത്തി തുടങ്ങിയത്. പിന്നീടത് മുഖത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ സി.പി.എമ്മിനെ പൂർണമായും പരാജയപ്പെടുത്തിയാൽ താടിയെടുക്കുമെന്ന് ശ്രീകണ്ഠൻ പ്രതിജ്ഞയെടുത്തിരുന്നു. സി.പി.എം പാലക്കാട് തകർന്നതോടെ വി.കെ ശ്രീകണ്ഠൻ തന്റെ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു. സി.പി.എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ തയാറാകണമെന്നും അത് പൊതുസമൂഹത്തോട് വിളിച്ചുപറയാൻ കൂടിയാണ് ഇപ്പോൾ താടിവടിച്ചതെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ശ്രീകണ്ഠന്റെ ഭാര്യ തുളസിയും ഉൾപ്പെടെ നിരവധി പേർ താടിയെടുക്കൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.[yop_poll id=2]