കേരളത്തിലെ ദേശീയ പാതാ വികസനം തടയുന്ന നിലപാട് കൈക്കൊണ്ട ബി.ജെ.പിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ പാതാ വികസനം അത്യന്താപേക്ഷിതമാണ്. അത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങളാണ് തകര്‍ത്തത്. ദേശീയപാതാ വികസനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ള കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സമര പരമ്പരകള്‍ അഴിച്ചുവിട്ട് ദേശീയപാത വികസനം തടസപ്പെടുത്തിയത് സി.പി.എം ആയിരുന്നു എന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അന്ന് ദേശീയപാതാ വികസനം അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി നിരവധി പ്രക്ഷോഭ പരമ്പരകളാണ് അന്ന് സി പി എം അഴിച്ചുവിട്ടത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതെല്ലാം മറന്ന് വികസനത്തിന്‍റെ വക്താക്കളായി ചമയുന്നത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് 2013 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നടപടികളെയെല്ലാം തടസപ്പെടുത്താന്‍ മുന്നില്‍ നിന്നത് സി.പി.എമ്മായിരുന്നു. ഇതേതുടര്‍ന്ന് ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാതാ വികസനം പാതി വഴിയില്‍ നിന്നുപോവുകയായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തിന്‍റെ വികസനം തടസപ്പെടുത്തുകയാണെന്നുള്ള കാര്യത്തില്‍ യു.ഡി.എഫിന് യാതൊരു അഭിപ്രായ വ്യത്യസവുമില്ല. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ദേശീയപാതാ വികസനമുള്‍പ്പെടെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തിയത് സി.പി.എമ്മും ഇടതുമുന്നണിയുമായിരുന്നു.
കേരളത്തില്‍ ദേശീയ പാതാ വികസനം അനിവാര്യമാണ്. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ദേശീയപാതാ വികസനം പൂര്‍ത്തിയാക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും അതിനെതിരെയുണ്ടാകുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. അതേസമയം ദേശീയപാതാ വികസനത്തെ ഇത്രയുംകാലം തടഞ്ഞുനിര്‍ത്തിയതില്‍ സി.പി.എമ്മിനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.