ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു; ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം; എന്‍.എസ്.എസ് സഹായിച്ചില്ലെന്ന് കെ. സുരേന്ദ്രന്‍

Jaihind Webdesk
Tuesday, May 28, 2019

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍. ഇത്തരം പരാമര്‍ശം രാഷ്ട്രീയകാര്യസമിതി പരിശോധിക്കും. ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ നേതാക്കള്‍ ഒന്നടങ്കം ശ്രീധരന്‍ പിള്ളയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചു.

തന്റെ തോല്‍വിക്ക് കാരണം എന്‍.എസ്.എസാണെന്ന ആരോപണമാണ് കെ.സുരേന്ദ്രന്‍ കമ്മിറ്റിയില്‍ ഉന്നയിച്ചത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍എസ്എസ് സഹായിച്ചില്ല. താന്‍ കൊട്ടാരക്കര സബ് ജയിലില്‍ കിടന്നപ്പോള്‍ സഹായവാഗ്ദാനവുമായി എന്‍എസ്എസ് പ്രതിനിധി വന്നിരുന്നു. എന്നാല്‍ പിന്നീട് എന്‍എസ്എസ് പാലം വലിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം ബി.ജെ.പിക്ക് സഹായം ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി കോര്‍കമ്മറ്റിയും ഭാരവാഹി യോഗവുമാണ് ആലപ്പുഴയില്‍ നടക്കുന്നത്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതില്‍ ബിജെപിയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. കേരളത്തില്‍ ഒരു സീറ്റിലും വിജയിക്കാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്.

ശ്രീധരന്‍പിള്ളക്കെതിരെയുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയുള്ള വിമര്‍ശനം ഇതിന്റെ ആദ്യപടിയായാണ് വിലയിരുത്തന്നത്. കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം കാരണം ആനുകൂല്യം കിട്ടിയില്ലെന്ന വിമര്‍ശനവുമായി ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശബരിമല തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ അനുമാനം. ശബരിമല പ്രശ്‌നം മുതലെടുക്കനാകാതെ പോയതിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീധര പക്ഷം വിരല്‍ ചൂണ്ടുന്നത്.