സ്പ്രിങ്ക്‌ളര്‍ ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള ഡാറ്റ കൈകാര്യം ചെയ്തിട്ടില്ലാത്ത കമ്പനി; ഹിപ്പ സര്‍ട്ടിഫിക്കേഷനുമില്ല: മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും വാദം പൊളിയുന്നു

Jaihind News Bureau
Saturday, April 18, 2020

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രിയുടേയും ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്‍റെയും വാദം തെറ്റെന്നെന്നതിന് തെളിവുകള്‍. സ്പ്രിങ്ക്‌ളറിന് ഡാറ്റ കൈകാര്യം ചെയ്യാനുള്ള ശേഷി ബോധ്യപ്പെട്ടുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് കാരാര്‍ ഒപ്പുവെച്ചത് എന്നുമാണ് സര്‍ക്കാരും ഐ.ടി സെക്രട്ടറി ശിവശങ്കറും പറയുന്നത്. എന്നാല്‍ തങ്ങള്‍ ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള ഡാറ്റ കൈകാര്യം ചെയ്യാറില്ലെന്നാണ് സ്പ്രിങ്ക്‌ളര്‍ തന്നെ അവരെ കുറിച്ച് പറയുന്നത്. സ്പ്രിങ്ക്ളറുമായി സര്‍ക്കാര്‍ ഒപ്പുവെച്ച മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്‍റില്‍ തന്നെ ഇതു പറയുന്നു.

സ്പ്രിങ്ക്‌ളര്‍ അവരെ കുറിച്ച് എഗ്രിമെന്‍റില്‍ പറയുന്നത് ഇങ്ങനെ.

”സ്പ്രിങ്ക്‌ളര്‍ ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള ഡാറ്റ കൈകാര്യം ചെയ്യാറില്ല. സ്പ്രിങ്ക്‌ളര്‍ സാധാരണ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ്.

ഇതുമാത്രമല്ല സ്പ്രിങ്ക്‌ളറിന് പി.സി.ഐ, ഡി.എസ്.എ, ഹിപ്പ എന്നീ സര്‍ട്ടിഫിക്കേഷനുമില്ല. ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള ആരോഗ്യ രംഗത്തെ ഡാറ്റ കൈകാര്യം ചെയ്യുന്നതിന് അമേരിക്കയില്‍ ഏറ്റവും അനിവാര്യമായ സര്‍ട്ടിഫിക്കേഷനാണ് ഹിപ്പ. സ്പ്രിങ്ക്‌ളറിന് ആകെ ഉള്ളത് എസ്.ഒ.സി-2 (ടൈപ്പ് 2) സര്‍ട്ടിഫിക്കറ്റേഷന്‍ മാത്രമാണ്. ഇക്കാര്യങ്ങളും മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്‍റില്‍ തന്നെ അവര്‍ വ്യക്തമായി പറയുന്നുണ്ട്.