സ്പ്രിങ്ക്‌ളറുമായി ഇപ്പോഴും കരാര്‍ ഉണ്ട്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Jaihind News Bureau
Monday, June 29, 2020

സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡാറ്റ കൈകാര്യത്തില്‍ സ്പ്രിങ്ക്‌ളര്‍ ഉദ്യോഗസ്ഥരുടെ സേവനം ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. സര്‍ക്കാരിനു വേണ്ടി അഭിഭാഷക നാപ്പിനൈ ആണ് കോടതിയിൽ ഹാജരായത്. ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച്‌ കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

സ്പ്രിങ്ക്‌ളറുമായി കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന്പരിഗണിച്ചത്. നിലവിൽ സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ തുടരുന്നുണ്ടെന്നും ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ട പൗരന്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ഹർജിയിൽ ആരോപിച്ചു.

അതേസമയം, കൊവിഡ് രോഗികളുടെ കൈമാറിക്കിട്ടിയ വിവരങ്ങളുടെ അവശിഷ്ട ഫയലുകള്‍ നശിപ്പിച്ചതായി സ്പ്രിങ്ക്‌ളര്‍ കമ്പനി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് ശേഷമുള്ള ഡാറ്റ സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയതായും ഡാറ്റ അപഗ്രഥന ചുമതലയില്‍ നിന്ന് സ്പ്രിങ്ക്‌ളര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായും സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ഡാറ്റ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്യരുതെന്ന് കോടതി സ്പ്രിങ്ക്‌ളറിന് നിര്‍ദേശം നല്‍കിയിരുന്നു.