‘സ്പ്രിങ്ക്‌ളര്‍ എന്ന ബൂര്‍ഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍’; രൂക്ഷവിമര്‍ശനവുമായി ജ്യോതികുമാര്‍ ചാമക്കാല

Jaihind News Bureau
Thursday, April 16, 2020

സ്പ്രിങ്ക്‌ളര്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. സ്പ്രിങ്ക്‌ളര്‍ എന്ന ബൂര്‍ഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വില്‍ക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം അഴിമതിക്കെതിരെ പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്മാറിയിരുന്നു.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്പ്രിങ്ളറിനെക്കുറിച്ച് മിണ്ടരുത്……..

അന്താരാഷ്ട്ര കുത്തകകൾക്ക് തലയെണ്ണി വിൽക്കാൻ പോവുകയാണ്… സന്ദേശം സിനിമയിലെ സഖാവിൻ്റെ ഡയലോഗ് ഓർമയില്ലേ..?

കവലകൾ തോറും അമേരിക്കൻ കുത്തക കമ്പനികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും കടന്നുവരവിനെതിരെ ഘോരഘോരം പ്രസംഗിച്ച സഖാക്കളെ സൈബർ കുട്ടി സഖാക്കൾക്ക് ഓർമയുണ്ടാവില്ല.

അവർ ജനിച്ചപ്പോഴേക്കും കുത്തകകളുടെ അടിമകളായി പാർട്ടി മാറിയിരുന്നു.

സ്പ്രിങ്ളർ എന്നൊരു ബൂർഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വിറ്റു സഖാവ് പിണറായിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് സർക്കാർ.

ഡേറ്റ (വിവരങ്ങൾ ) ആണ് ആധുനിക ലോകത്തെ സ്വർണഖനി എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം.

മലയാളി ഉള്ളതുകൊണ്ടാണ് സ്പ്രിങ്ളറിനെ കൂടെ കൂട്ടിയതെന്ന് സഖാക്കൾ….

മലയാളി ബൂർഷ്വയായാലും തൊഴിലാളിയാക്കാം എന്ന് പാർട്ടി രേഖയിൽ എവിടെയും കാണുന്നില്ല ….

ബൂർഷ്വ മലയാളിക്ക് സാദാ മലയാളി ചുമയ്ക്കുന്നതും തുമ്മുന്നതും അടക്കമുള്ള വിവരങ്ങൾ ചോർത്തിക്കൊടുത്തത് സഖാവ് പിണറായിയുടെ നേതൃത്വത്തിൽ നടന്ന പുത്തൻ വിപ്ലവമാണെന്ന് കമ്മി കുഞ്ഞുങ്ങൾക്ക് സ്റ്റഡി ക്ലാസെടുക്കാം….

പാർട്ടി ബുദ്ധിജീവികളായ ഐസക് ആദിയായവർക്ക് സ്പ്രിങ്ളർ എന്ന് കേൾക്കുമ്പോൾ ഒരുതരം വിറയലാണ്….

കടിച്ചാൽ പൊട്ടാത്ത സാമ്രാജ്യത്വ മൂലധന പരിപ്രേക്ഷ്യങ്ങളുമായി ടെലിവിഷൻ ചർച്ചയിൽ നിറഞ്ഞ് നിൽക്കുന്ന എം.ബി രാജേഷ് ആദിയായ ചർച്ചാ സിംഹങ്ങൾ മടയിലൊളിച്ചു…

സ്പ്രിങ്ളറിനെക്കുറിച്ച് മിണ്ടരുത് എന്നാണത്രെ പാർട്ടി നിർദേശം (പോളണ്ടിനെക്കുറിച്ചും )…

ഇടത് ബുദ്ധിജീവി, മാധ്യമ പ്രവർത്തകരെയൊന്നും കാണാനില്ല…..

യുഡിഎഫ് സർക്കാരിൻ്റെ കാലത്തായിരുന്നു ഈ ഇടപാടെങ്കിൽ നടക്കാമായിരുന്ന ടെലിവിഷൻ ഡിബേറ്റുകളുടെ എണ്ണവും സ്വഭാവവും സങ്കൽപ്പിച്ചു നോക്കൂ….

“നിഷ്പക്ഷ” മാധ്യമങ്ങളിൽ ചിലർ സർക്കാർ പരസ്യങ്ങൾ സ്വപ്നം കണ്ട് ഉറങ്ങുകയാണ്….

ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല….

ഈ അവസരവാദത്തിന് അവരുടെ പ്രേക്ഷകരും വായനക്കാരും ഉത്തരം നൽകട്ടെ……