‘സ്പ്രിങ്ക്ളർ ഇടപാട് ലാവലിനെക്കാള്‍ വലിയ അഴിമതി’; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Saturday, April 18, 2020

തിരുവനന്തപുരം : സ്പ്രിങ്ക്ളർ ഡാറ്റാ കരാർ ലാവലിനെക്കാള്‍ വലിയ അഴിമതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകളില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം. കരാർ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നത് വ്യക്തമാക്കണം. കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നും ധനകാര്യവകുപ്പ് കരാറുമായി ബന്ധപ്പെട്ട ഫയൽ കണ്ടിട്ടുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

സ്പ്രിങ്ക്‌ളർ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നതാര്, കരാറിന്‍റെ നിയമവശവും സാമ്പത്തികവശവും സംബന്ധിച്ച് അറിയാമോ, ഡാറ്റയുടെ വില എന്തെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ, ഡാറ്റ നൽകാൻ വ്യക്തിയുടെ അനുമതി വാങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

മുഖ്യമന്ത്രിയോട് സി.പി.എം രാജി ആവശ്യപ്പെടണമെന്നും സ്പ്രിങ്ക്ളര്‍ ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ്.