പാര്‍ട്ടി വിട്ട സി.പി.എം നേതാവിനോടും മകളോടും പ്രതികാരം ; മകളുടേതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; SFI-DYFI നേതാക്കൾക്കെതിരെ കേസ്

 

കൊല്ലം : പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സി.പി.എം നേതാവിനും മകള്‍ക്കുമെതിരെ വ്യക്തിഹത്യാ ശ്രമം. മകളുടേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ പാര്‍ട്ടി സമ്മർദത്തെ തുടർന്ന് പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആക്ഷേപമുയരുന്നു.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് സി.പി.എം വിട്ട നേതാവിന്‍റെ മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെണ്‍കുട്ടി എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്നു. എന്നാല്‍ പിതാവ് പാർട്ടി വിട്ടതോടെ പെണ്‍കുട്ടിയും സംഘടനാ ബന്ധം ഉപേക്ഷിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പ് ശേഖരണത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിക്കെതിരെ എസ്.എഫ്.ഐ വ്യാപക പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വ്യാജ വീഡിയോയും പ്രചരിപ്പിച്ചത്.

പെൺകുട്ടി പഠിക്കുന്ന കോളേജിലെ മാഗസിൻ എഡിറ്ററായ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയംഗം സജിൻ സാജൻ, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അലൻ സോണി എന്നിവർക്കെതിരെയാണ് കേസ്. സജിന്‍ സാജനാണ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും സന്ദേശവും അയച്ചത്. അലൻ സോണി അയച്ചുതന്നതാണെന്ന് പറഞ്ഞ് സജിൻ സാജൻ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് ശേഷം അശ്ലീല വീഡിയോയും ഓഡിയോ സന്ദേശവും പെണ്‍കുട്ടിക്ക് അയക്കുകയായിരുന്നു. പരാതിയുമായി പോയാൽ  കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും അശ്ലീല വീഡിയോ അയച്ചുകിട്ടിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെങ്കിലും പിന്നീട് കേസില്‍ യാതൊരു നീക്കുപോക്കും ഉണ്ടായില്ല. പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാൻ പൊലീസ് സാവകാശം ഒരുക്കുകയാണെന്ന് ആക്ഷേപമുണ്ട്. സി.പി.എം നേതാക്കളുടെ ഇടപെടലാണ് അന്വേഷണം മുന്നോട്ടുപോകാത്തതിന് കാരണമെന്നും പരാതിക്കാര്‍ പറയുന്നു.

DYFIsfi
Comments (0)
Add Comment