സ്പോട്ട് ബുക്കിങ് തീരുമാനമായില്ല; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോര്‍ഡ്

 

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ശബരിമലയില്‍ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. അതിനു വേണ്ടിയാണ് വെര്‍ച്വല്‍ ബുക്കിങ് ഒരുക്കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വാദം. അതേസമയം ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്ന് പറഞ്ഞ ബോര്‍ഡ് പ്രസിഡന്‍റ്, സ്‌പോട്ട് ബുക്കിങ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ശബരിമലയിലേക്ക് എത്തുന്ന ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ല. അതിനു വേണ്ടിയുള്ള മുന്‍കരുതലുകള്‍ നടത്താന്‍ ശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്. തീര്‍ഥാടകരുടെ സുരക്ഷയും ആരോഗ്യവും ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാറിനെയും സംബന്ധിച്ച് അതിപ്രധാനമാണ്. അതിനു വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുന്നത്. അതുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയവരുടെ ആത്മാര്‍ഥത ഭക്തരായാലും ഭഗവാനായാലും തിരിച്ചറിഞ്ഞുകൊള്ളും -പി.എസ്. പ്രശാന്ത് പറഞ്ഞു.

സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച കാര്യത്തില്‍ ഇനിയും അവ്യക്തത തുടരുകയാണ്. എല്ലാവര്‍ക്കും ദര്‍ശനം സാധ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നതിലൂടെ സ്‌പോട്ട് ബുക്കിങ്ങിനുള്ള സാധ്യത തള്ളിക്കളയാനാവാത്ത സ്ഥിതിയാണ്. എന്നാല്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമുള്‍പ്പെടെ തയാറാക്കാനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആധികാരിക രേഖയായി കണക്കാക്കുമെന്നും ദേവസ്വം പറയുന്നു. വിവാദം രൂക്ഷമായതോടെ സിപിഐ മുഖപത്രമായ ജനയുഗവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

“ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തില്‍ കൊണ്ടുചാടിക്കുകയേയുള്ളൂ”. ശബരിമലയിലെ ദര്‍ശനത്തിന് വെര്‍ച്വല്‍ ബുക്കിങ് മാത്രം പോരെന്നും സ്‌പോട്ട് ബുക്കിങ് കൂടി വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. ദര്‍ശനത്തിനുള്ള പരിഷ്‌കാരം ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെ എതിര്‍പ്പിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രംഗം തണുപ്പിക്കാന്‍ വരട്ടെ, നോക്കട്ടെ എന്നു പോലും പറയാതെ നിലപാടെടുത്തപ്പോള്‍ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവന്‍ പറയുന്നത് ഒരു കാരണവശാലും സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നാണ്. ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടേ” -എന്നിങ്ങനെയാണ് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.

സ്‌പോട്ട് ബുക്കിങ് വേണമെന്നാകാര്യത്തില്‍ പ്രതിപക്ഷവും സിപിഐ ഉം വാദം കടുപ്പിക്കുമ്പോള്‍ അതൊന്നും മുഖവിലയ്ക്കെടുക്കാതെ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നീക്കം.  ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കു വേണം  മുന്‍ഗണന കൊടുക്കാന്‍ എന്നാല്‍ അതിന് വിപരീതമായി  പിടിവാശി കാണിക്കുകയാണ്  സര്‍ക്കാര്‍. പൂരം കലക്കലിന്‍റെ തുടര്‍ച്ച ശബരിമലയിലുണ്ടാകുമോ എന്ന ഭയം പ്രതിപക്ഷത്തിനുമുണ്ട്.

Comments (0)
Add Comment