ഡിഗ്രി, പിജി, ക്ലാസ്സുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനം ഈ വർഷം പൂർണമായും സർവകലാശാലതലത്തിൽ തന്നെ നടത്തും

കോളേജുകളിലെ ഡിഗ്രി, പിജി ക്ലാസ്സുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനം ഈ വർഷം പൂർണമായും സർവകലാശാലതലത്തിൽ തന്നെ നടത്താൻ കേരള സർവകലാശാല തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഭവ വികാസങ്ങളെ തുടർന്ന് സ്‌പോട്ട് പ്രവേശനത്തെ ചൊല്ലി അരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സർവകലാശാലയുടെ നടപടി.

സ്‌പോട്ട് പ്രവേശനം സർവ്വകലാശാല തലത്തിൽ നടത്തുമെന്ന് കാട്ടി കേരള സർവ്വകലാശാല രജിട്രാറാണ് ഇന്നലെ വൈകിട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മറ്റി ചെയർമാൻ ആർ.എസ് ശശികുമാറിന് കത്ത് നൽകിയത്. സർവകലാശാല നടത്തുന്ന ഓൺലൈൻ പ്രവേശന നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ വീണ്ടും ഒഴിവുവരുന്ന സീറ്റുകളിൽ കോളേജുകൾ നേരിട്ട് സ്‌പോട്ട് പ്രവേശനം നടത്തുന്ന പതിവായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഈ പഴുതിലൂടെ മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശനം നേടാനുള്ള വിദ്യാർഥി സംഘടന നേതാക്കളുടെ സമ്മർദത്തിന് പ്രിസിപ്പൽമാർ വഴങ്ങേണ്ടിവരുന്നതായും മാർക്ക് കുറഞ്ഞവർ പ്രവേശനം നേടുന്നതായുമുള്ള ആക്ഷേപം സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ വൈസ് ചാൻസലറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു . ഇത്തരത്തിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ സംഘടനാ പ്രവർത്തനത്തിനായി യൂണിവേഴ്‌സിറ്റി കോളേജിൽ പ്രവേശിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഇനിയുള്ള വർഷങ്ങളിൽ സ്‌പോട്ട് പ്രവേശനം സർവ്വകലാശാല തലത്തിൽ തന്നെ നടത്താൻ തീരുമാനമായത്.

തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സർവകലാശാലകളും ഇതേ രീതി പിന്തുടരണമെന്നും അനർ ഹരായിട്ടുള്ളവർ കോളേജുകളിൽ പ്രവേശനം നേടുന്നത് തടയണമെന്നും സംസ്ഥാനത്തെ എല്ലാ വി.സിമാരോടും ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ്.ശശികുമാറും കൺവീനർ എം.ഷാജിർ ഖാനും ആവശ്യപ്പെട്ടു .

https://youtu.be/pw3YeT_9iTc

University of KeralaSpot Admission
Comments (0)
Add Comment