ശബരിമലയില്‍ പുകഞ്ഞ് സി.പി.എം; പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിഷമവൃത്തത്തില്‍ ഇടതുമുന്നണി

Jaihind Webdesk
Thursday, August 29, 2019

Pinarayi-Kodiyeri-1

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ശബരിമലയിൽ യുവതീ പ്രവശേനത്തിന് മുൻകൈ എടുക്കില്ലെന്നും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സി.പി.എം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമ്പോൾ പാർട്ടി സമീപനത്തെ പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതോടെ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ ശബരിമല വിഷയം പാർട്ടിയെ വീണ്ടും പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.

ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ നിന്നും സി.പി.എം കരണം മറിഞ്ഞപ്പോൾ പാർട്ടി നിലപാടിനോട് യോജിപ്പില്ലെന്ന് തുറന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾ പാർട്ടിയിൽ നിന്നും അകന്നുവെന്നും അവരെ തിരിച്ചു കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാടിന്‍റെ ചുവട് പിടിച്ചാണ് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചത് ശബരിമല വിഷയത്തിൽ ഭരണപരമായ നടപടികൾക്ക് കർശന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ പരോക്ഷമായി ലക്ഷ്യം വെക്കുന്നതായി.

പാർലമെന്‍റ് തെരഞ്ഞടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണം ശബരിമല വിഷയമല്ലെന്ന് തുടക്കം മുതൽ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിന്നോക്കം പോകില്ലെന്ന് തുറന്ന് പറഞ്ഞതോടെ പാർട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ശബരിമല വിഷയത്തിൽ തന്നെ പഴിചാരി രക്ഷപ്പെടേണ്ട എന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോൾ പാർട്ടി നേതൃത്വത്തിന് മറുപടി പറയേണ്ടി വരും. ഇതോടെ ജനപിന്തുണ തിരിച്ചു പിടിക്കാനുള്ള സി.പി.എം നീക്കത്തിനും ഇത് തിരിച്ചടിയാകും. പാലാ ഉപതെരഞ്ഞടുപ്പ് തീയതി പ്രഖാചിച്ചിരിക്കെ ഇടതുമുന്നണിയെയും ഇത് കുരുക്കിലാക്കും.