സുരക്ഷ പിന്‍വലിക്കുന്നു: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ റദ്ദാക്കുന്നു

Jaihind Webdesk
Friday, November 8, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്.പി.ജി സുരക്ഷ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. ഇവര്‍ക്ക് ഇനി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സി.ആര്‍.പി.എഫ്) സുരക്ഷ മാത്രമാകും ഉണ്ടാകുക. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.

എസ്.പി.ജി സുരക്ഷക്ക് അര്‍ഹരായവരെ നിശ്ചയിക്കുന്ന വാര്‍ഷിക അവലോകനത്തിന്റെ ഭാഗമായാണ് നെഹ്‌റുകുടുംബത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇനി രാജ്യത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമായ എസ്.പി.ജിയുടെ സുരക്ഷ ഉണ്ടാവൂ.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്.