കാസര്‍കോട്:കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും ഡി ശില്‍പ അറിയിച്ചു. ഇത്തവണ പടക്കം പൊട്ടിച്ചത് കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല.സ്ഥലം ഇത്തവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും.
പടക്കം പൊട്ടിച്ചത് ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് എന്നാണ് പ്രാഥമിക നിഗമനം.എട്ടു പേര്‍ക്കെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് ഇതില്‍ ഏഴു പേരും.പടക്കം പൊട്ടിക്കാന്‍ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് ചികിത്സയിലുളള 5 പേരുടെ നില അതീവ ഗുരുതരവും,15 പേരുടെ പരിക്ക് ഗുരുതരവുമാണ്.അഞ്ചുപേരും വെറ്റിലേറ്ററിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ അപകട സ്ഥലത്തെത്തി പരിശോധന നടത്തി.