ഇന്ന് പ്രത്യേക മന്ത്രിസഭായോഗം, കൂടുതല്‍ സ്ഥിരപ്പെടുത്തലുകള്‍ക്ക് സാധ്യത ; ഉദ്യോഗാർത്ഥികള്‍ സമരം തുടരുന്നു

Jaihind News Bureau
Wednesday, February 17, 2021

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മാറ്റിവെച്ച അജണ്ടകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് രാവിലെ ചേരും. കൂടുതൽ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തീരുമാനം ഇന്നുണ്ടാകും.

വി.എസ് സർക്കാരിന്‍റെ കാലത്ത് നിയമിച്ച താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി അപേക്ഷകളാണ് വിവിധ വകുപ്പുകളിൽ നിന്നായി മന്ത്രിസഭയ്ക്ക് മുന്നിൽ ഉള്ളത്. തങ്ങൾക്കനുകൂലമായ എന്തെങ്കിലും തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ എങ്കിലും ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾ.

അതേസമയം മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തിയിട്ടുപോലും മനസലിയാതെ അനധികൃത സ്ഥിരപ്പെടുത്തല്‍ നടപടിയുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇനി മന്ത്രിസഭാ യോഗം ചേരാൻ സാധ്യതയില്ലാത്തതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്.