അമിതാവേശവും, ജാഗ്രതക്കുറവും ; ആറ്റിങ്ങല്‍ സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, August 29, 2021

തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഇല്ലാത്ത മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും അപമാനിച്ചതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോൺ മോഷണത്തിന്‍റെ പേരില്‍ പൊലീസ് പീഡിപ്പിച്ച ജയചന്ദ്രന്‍ നേരത്തെ കളഞ്ഞു കിട്ടിയ ഫോണ്‍ തിരിച്ചു നല്‍കിയ ആളെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചു. ഇന്നലെ പൊലീസ് വീട്ടിലെത്തി അഛന്‍റേയും മകളുടേയും മൊഴിയെെടുത്തു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റൂറല്‍ എസ്.പിയുടേയും നിര്‍ദേശം. ഡിജിപിക്കും അച്ഛനും മകളും പരാതി നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലവാകാശ കമ്മീഷനും കേസെടുത്തിരുന്നു.