ഇരകള്‍ക്ക് നീതി നിഷേധിച്ച് കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, October 12, 2020

ന്യൂഡല്‍ഹി: ഹാത്രസ് സംഭവത്തിലടക്കം ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി. സർക്കാർ നടപടി അധാര്‍മികവും മനുഷ്യത്വരഹിതവുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇരയ്ക്ക് നീതി നൽകുന്നതിനേക്കാൾ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നതിലാണ് സർക്കാരിന് താല്‍പ്പര്യം. ഈ സമീപനം സർക്കാർ മാറ്റണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്ത്രീകൾ ഈ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്ക് അപ് ഫോർ വുമണ്‍ സേഫ്റ്റി ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് ക്യാംപെയിനില്‍ പങ്കെടുത്ത്  എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ ശബ്ദം കേൾക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് ലജ്ജാകരമാണ്. അക്രമിക്കപ്പെടുന്നവർക്ക് പിന്തുണയുമായി രാജ്യത്തെ മുഴുവൻ സ്ത്രീകളും രംഗത്ത് വരുമെന്നും പ്രിയങ്കാ ഗാന്ധി. സ്ത്രീസുരക്ഷ ഓരോ സ്ത്രീകളും ചുമതലയായി കണ്ട് സ്വയം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.