സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  വിശ്വാസ്യത നഷ്ടപ്പെട്ടു; ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ.സി. വേണുഗോപാല്‍ എം.പി

Jaihind News Bureau
Monday, August 3, 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  വിശ്വാസ്യത നഷ്ടമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎഫ് നടത്തുന്ന ‘സ്പീക്ക് അപ് കേരള’ സത്യാഗ്രഹത്തിന്‍റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളില്‍ അപൂർവ്വമായ സംഭവമായി സ്വർണ്ണക്കടത്ത് കേസ് മാറി. എന്‍ഐഎ അന്വേഷിക്കുന്ന രാജ്യത്തെ സംബന്ധിച്ച് ഒരുപാട് മാനങ്ങളുള്ള കേസില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മണിക്കൂറുകളോളം ചോദ്യംചെയ്തത് സമാനതകളില്ലാത്തതാണ്. ഇത്തരം സംഭവങ്ങളിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സാഹചര്യങ്ങളാണെന്ന് കേരളം തിരിച്ചറിയുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണ് സർക്കാരിന് താല്‍പ്പര്യം.  കോടിയേരി ബാലകൃഷ്ണന്‍റെ സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.