നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തി പ്രതിപക്ഷാംഗങ്ങള്‍; അടിയന്തര പ്രമേയം തള്ളി, സഭ പിരിഞ്ഞു

തിരുവനന്തപുരം:  നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തി പ്രതിപക്ഷാംഗങ്ങള്‍. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാറിന്‍റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തിരപ്രമേയ നോട്ടീസിൽ സഭയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.

പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി സംസ്ഥാനമെന്നാണ്  പ്രതിപക്ഷ എംഎല്‍എമാരുടെ വിമർശനം. എന്നാല്‍, 32000 കോടി കിട്ടാനുണ്ടെന്നാണ് കേന്ദ്രത്തിന് അയച്ച കത്തിൽ സർക്കാർ പറയുന്നത്. 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവെച്ചതെന്നാണ് മുൻധനമന്ത്രിയും സഭയിൽ പറഞ്ഞത്. എന്നാല്‍, ഇത് മറച്ചുവെച്ച് 57000 കോടിയെന്നാണ് പുറത്തുപ്രചരിപ്പിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ഓട പണിയാൻ പോലും കാശില്ലെന്നും സതീശൻ പരിഹസിച്ചു.നവകേരളസദസ്സും കേരളീയവും ക്ലിഫ് ഹൗസിലെ നവീകരണവുമെല്ലാം പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്‍റെ ധൂർത്താരോപണം. ജിഎസ് ടി വന്നശേഷം നികുതി പരിഷ്ക്കരിച്ചില്ല, നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള  നിർദ്ദേശങ്ങൾ സർക്കാരിനില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചർച്ചയുടെ അവസാനം ഇറങ്ങിപ്പോയി. തുടര്‍ന്ന് റോജി എം ജോൺ അവതരിപ്പിച്ച പ്രമേയം സ്പീക്കർ തള്ളി. തുടർന്ന് സഭ പിരിയുകയായിരുന്നു.

Comments (0)
Add Comment