സഭയില്‍ മാസ്‌ക് ധരിക്കാതെ ഷംസീർ ; ശാസിച്ച് സ്പീക്കർ

Jaihind Webdesk
Monday, August 9, 2021

തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് ധരിക്കാത്തതില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്ന് സ്പീക്കര്‍  പറഞ്ഞു. സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കര്‍  ഷംസീറിനെ ശാസിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.

അതേസമയം ഇരുവരും തമ്മില്‍ നേരത്തെയും സഭയില്‍ കൊമ്പുകോർത്തിരുന്നു.  സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കർ ഓർമിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്.  ‘അല്ല, അത് നിങ്ങള്‍ അപ്പുറത്ത് കണ്ടില്ല..’ എന്നായിരുന്നു ഷംസീറിന്റെ മറുപടി. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പറഞ്ഞതെന്ന്  സ്പീക്കറും മറുപടി നല്‍കി. ഇതോടെ സ്പീക്കർക്കെതിരെ ഷംസീർ വീണ്ടും രംഗത്തെത്തി. ‘സ്പീക്കർ എന്ന് പറഞ്ഞാൽ അൺബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം’- ഷംസീർ പറഞ്ഞു.