നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ല; ക്യാമ്പില്‍ പങ്കെടുത്ത മറ്റ് 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Jaihind Webdesk
Monday, June 3, 2019

നിപ ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന യുവാവ് രണ്ടാഴ്ചത്തെ തൊഴിൽ പരിശീലനത്തിനായി തൃശൂരെത്തുമ്പോൾ തന്നെ പനി ഉണ്ടായിരുന്നുവെന്നും പനിയുടെ ഉറവിടം തൃശൂർ അല്ലെന്നും ഡിഎംഒ അറിയിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന മറ്റ് 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമില്ല. ആറുപേർ നിരീക്ഷണത്തിലാണ്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു.

ഇടുക്കി തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്‍റന്‍ഷിപ്പിനു വേണ്ടിയാണ് തൃശൂരില്‍ എത്തിയത്. ഇതിനിടെയാണ് പനി ബാധിച്ചത്. തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂര്‍ച്ഛിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നത്. എറണാകുളം വടക്കന്‍  പറവൂര്‍ സ്വദേശിയാണ് യുവാവ്. ഇവിടെയും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

യുവാവിനൊപ്പം ക്യാമ്പില്‍ പങ്കെടുത്ത 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ യുവാവുമായി അടുത്തിടപഴകിയ ആറു പേര്‍ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. ഇതോടൊപ്പം യുവാവ് പഠിക്കുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണ്. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.