മോദിക്ക് ഭായിമാരാകണമെങ്കില്‍ നിങ്ങള്‍ കോട്ടും സ്യൂട്ടും അണിയണം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, October 15, 2018

നിങ്ങള്‍ക്ക് കോട്ടും സ്യൂട്ടുമില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസില്‍ നിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോട്ടും സ്യൂട്ടും ഇട്ടവര്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ സ്വന്തക്കാരും മനസിലുള്ളവരും.

ദളിതര്‍, ആദിവാസികള്‍, ദരിദ്രര്‍ തുടങ്ങിയ ദുര്‍ബലര്‍ക്ക് മോദിയുടെ മനസില്‍ സ്ഥാനമില്ലെന്നും രാഹുല്‍ തുടര്‍ന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

മോദി സ്ഥിരമായി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രയോഗിക്കുന്ന ഒരു വാക്കുണ്ട്… ഭായ്… പക്ഷേ കോട്ടും സ്യൂട്ടും അണിഞ്ഞവരല്ലെങ്കില്‍ നിങ്ങള്‍ പ്രധാനമന്ത്രിക്ക് ഭായി ആവില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ ദരിദ്രര്‍ പ്രധാനമന്ത്രിയുടെ സഹോദരങ്ങളല്ല. നിരവ് മോദി, മെഹുല്‍ ചൊക്‌സി, അനില്‍ അംബാനി തുടങ്ങിയ കോട്ടും സ്യൂട്ടുമണിഞ്ഞവരാണ് മോദിയുടെ സഹോദരങ്ങള്‍. കോടീശ്വരന്മാരെ സഹോദരങ്ങളായി കാണുമ്പോള്‍ കര്‍ഷകരെയും സാധാരണക്കാരെയും ബഹുമാനിക്കുന്നു എന്നത് വാക്കുകളില്‍ മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ദളിത് വിരോധിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ ആത്മഹത്യ ദളിത്അധിക്ഷേപത്തിന്‍റെ പേരിലായിരുന്നു. കര്‍ഷകരും ആത്മഹത്യ ചെയ്യുകയാണ്. അവര്‍ക്ക് കൃഷിയില്‍നിന്ന് ഇന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം ചെറുകിട വ്യാപാരികളും പട്ടിണിയിലും കഷ്ടപ്പാടിലുമായി. ഇനിയും മോദി തെരഞ്ഞെടുപ്പില്‍ പല വാഗ്ദാനങ്ങളും നല്‍കും. നമ്മള്‍ കരുതിയിരിക്കുന്നില്ലെങ്കില്‍ വീണ്ടും ദുരന്തപൂര്‍ണമായ ഒരു ജീവിതത്തിലേക്കായിരിക്കും മോദി രാജ്യത്തെ കൊണ്ടെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.