ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞു. രാഷ്ട്രീയ സമവായം അനിവാര്യമെന്നും സർക്കാർ മുൻകൈയ്യെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. 3,23,144 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ആശങ്കയായി മരണനിരക്ക് ഇന്നും 2500-ന് മുകളിലാണ്
മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്. അതേസമയം കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.