ആവേശമായി കോൺഗ്രസ്‌ ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ; 2.6 കോടി പേർ അംഗത്വം സ്വീകരിച്ചു

Jaihind Webdesk
Saturday, April 16, 2022

ന്യൂഡൽഹി : കോൺഗ്രസിന്‍റെ ഡിജിറ്റൽ അംഗത്വവിതരണ ക്യാമ്പെയ്ന് രാജ്യമൊട്ടാകെ മികച്ച പ്രതികരണം. ക്യാമ്പെയ്നിലൂടെ 2.6 കോടി പേർ പുതുതായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചതായി  എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.  കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും ഡിജിറ്റൽ ക്യാമ്പെയ്നിന്‍റെ ഭാഗമായി. നവംബർ 1 മുതൽ ഏപ്രിൽ 15 വരെയായിരുന്നു അംഗത്വ വിതരണ ക്യാമ്പെയ്ൻ.

മുൻ വര്‍ഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പേപ്പറിനൊപ്പം ഡിജിറ്റലായും അംഗത്വ വിതരണം നടത്തുകയായിരുന്നു. ഡിജിറ്റല്‍ അംഗത്വം രാജ്യത്തെ കോണ്‍ഗ്രസ് അനുഭാവികളായ യുവാക്കളടക്കമുള്ള ജനങ്ങള്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ഡിജിറ്റല്‍ അംഗത്വ വിതരണത്തിനുള്ള എല്ലാ സഹായവും നല്‍കിയ എഐസിസി ഡാറ്റാ അനലിറ്റ്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ്  ചെയര്‍മാന്‍ എസ്എച്ച് പ്രവീണ്‍ ചക്രവര്‍ത്തിയുടെ പ്രവർത്തനങ്ങള്‍  അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ആപ്പ് വഴി രണ്ട് കോടി 60 ലക്ഷം പേരാണ് അംഗത്വമെടുത്തത്. അംഗത്വമെടുത്തവര്‍ക്കെല്ലാം ക്യുആര്‍ കോഡ് അടങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 5 ലക്ഷം പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും വീടുകള്‍ തോറും കയറിയാണ് അംഗത്വ വിതരണം പൂര്‍ത്തീകരിച്ചത്.  അംഗങ്ങളുടെ വോട്ടര്‍ ഐഡി, ഫോട്ടോ , മൊബൈല്‍ നമ്പര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അംഗത്വവിതരണം പൂർത്തിയാക്കുന്നത്.

കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായ യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്ക് തന്നെയാണ് ക്യാമ്പെയ്നിൽ ഉടനീളം ദൃശ്യമായത്. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കും മുന്നോട്ടുള്ള പ്രയാണത്തിനും കൂടുതൽ കരുത്തും ആവേശവും പകരാൻ ക്യാമ്പെയ്നിന് കഴിയും.