കൊവിഡ് കാലത്ത് ഇന്ധനവില വര്‍ധിപ്പിച്ചത് വിവേകശൂന്യമായ നടപടി, തീരുമാനം പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Jaihind News Bureau
Tuesday, June 16, 2020

 

കൊവിഡ് കാലത്ത് ഇന്ധനവില വർധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍  പിൻവലിക്കണമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയാ ഗാന്ധി കത്ത് നല്‍കി.  ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുമ്പോൾ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പ്രതിസന്ധി പരിഗണിച്ച് ജനങ്ങളുടെ കൈകളിൽ പണം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഈ ഘട്ടത്തിൽ തുടർച്ചയായ 10 ദിവസം ഇന്ധന വില വർധിപ്പിച്ച നടപടി തീർത്തും വിവേകശൂന്യമാണെന്നും  സോണിയാ ഗാന്ധി പറഞ്ഞു. നടപടി ജനങ്ങളിൽ കൂടുതൽ ഭാരം അടിച്ചേല്‍പിക്കും. വില വർധനവിലൂടെ അമിത വരുമാനം നേടാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കേണ്ടത് സർക്കാരിന്‍റെ കടമയും ഉത്തരവാദിത്തവുമാണ്.

കൊവിഡ് സാഹചര്യത്തിൽ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും മധ്യവർഗത്തിന്‍റെ വരുമാനം അതിവേഗം നശിപ്പിക്കുകയും ചെയ്യുന്ന  സമയത്ത് വിലക്കയറ്റം അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ 6 വർഷത്തിനിടയിൽ 12 തവണ ഇന്ധന വിലയിൽ എക്സൈസ് തീരുവ വർദ്ധിപ്പിച്ചു. ഇതിൽ നിന്ന് 18 ലക്ഷം കോടി രൂപയുടെ വരുമാനം സർക്കാർ ഉണ്ടാക്കി.

നിലവിലെ സാഹചര്യത്തിൽ ഇന്ധന വില പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും  ഇന്ധന വില വർധനവിലൂടെ സർക്കാർ ഉണ്ടാക്കിയ അമിത വരുമാനം ജനങ്ങളിലേക്ക് എത്തിക്കണമെന്നും  പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.