കൊവിഡ്: പരിഭ്രാന്തരാകേണ്ടതില്ല; സർക്കാര്‍ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം, ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കണം: സോണിയാ ഗാന്ധി

Jaihind News Bureau
Saturday, March 21, 2020

ന്യൂഡൽഹി: കൊവിഡ് വൈറസ് രാജ്യത്തുടനീളം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തേയും ഉപജീവനത്തേയും ബാധിക്കുന്ന ഈ വൈറസ് വ്യാപിക്കാതിരിക്കാനായി ഓരോരുത്തരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സോണിയാ ഗാന്ധി ഓര്‍മപ്പെടുത്തി. നിലവിലെ അവസ്ഥയെ നാം ഊർജസ്വലതയോടെ മറികടക്കുമെന്നും സോണിയാ ഗാന്ധി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

130 കോടി ജനസംഖ്യയുള്ള രാജ്യത്ത് 15071 സാമ്പിളുകൾ മാത്രമാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പുകളും മറ്റ് രാജ്യങ്ങള്‍ നമുക്ക് കാണിച്ചുതന്ന പാഠങ്ങളും മുന്നിലുണ്ടായിരുന്നിട്ടും പൊതു, സ്വകാര്യ മേഖലകളുടെ ശേഷി ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതിന് മാറ്റമുണ്ടാകണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, ഐസൊലേഷൻ വാർഡുകൾ, വെന്‍റിലേറ്ററുകൾ, മെഡിക്കൽ ടീമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവമുണ്ട്. ഇവ പൊതുസമൂഹവുമായി പങ്കുവെക്കണം. വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക പോർട്ടൽ സംവിധാനം ഒരുക്കേണ്ടതുണ്ട്.

നിലവിൽ അടിയന്തരമായി ആവശ്യമുള്ള ഹാൻഡ് സാനിറ്റൈസർ, ഫെയ്സ് മാസ്കുകൾ, ലിക്വിഡ് സോപ്പ് എന്നിവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നുണ്ട്. അവശ്യവസ്തുക്കളായ പച്ചക്കറികൾ, പയർവർഗങ്ങൾ, അരി മുതലായവയുടെ വില നിയന്ത്രണാതീതമായി വർധിക്കുന്നതായും കാണുന്നു. ഇതിനെതിരെയും നടപടി ഉണ്ടാകണം.  നോട്ട്പിൻവലിക്കലിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയതിനും പിന്നാലെ വലിയ ആഘാതമാണ് കൊവിഡ് ബാധയിലൂടെ രാജ്യത്തുണ്ടായിരിക്കുന്നത്.

ദശലക്ഷക്കണക്കിന് വരുന്ന പ്രതിദിന വേതനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷിക്കാർ, അസംഘടിത മേഖലയിലുള്ളവർ തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഈ വിഭാഗങ്ങളിലേക്ക് നേരിട്ട് ധനസഹായം   ലഭിക്കുന്നതുൾപ്പെടെയുള്ള വിശാലമായ സാമൂഹിക പരിരക്ഷണ നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം.

ഇത്തരം അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അസാധാരണമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. ഈ അവസരത്തില്‍ വിവിധ മേഖലകള്‍ തിരിച്ചുള്ള ദുരിതാശ്വാസ പാക്കേജ് ഉള്‍പ്പെടെ  സർക്കാർ ഉടൻ പ്രഖ്യാപിക്കേണ്ടതുണ്ട്. കാർഷിക മേഖലയ്ക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യമുണ്ട്. അതേ സമയം ഈ സന്ദര്‍ഭത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വേദനാജനകമായ ഈ പ്രതിസന്ധിയെ  ഐക്യത്തോടെ  മറികടക്കുമെന്നും സോണിയാ ഗാന്ധി പ്രസ്താവനയിലൂടെ അറിയിച്ചു.