വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിന്‍റെ മെല്ലെപ്പോക്ക് ; ആശങ്ക അറിയിച്ച് സോണിയ ഗാന്ധി ; ‘മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ തയ്യാറാകണം’

ന്യൂഡല്‍ഹി : വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ടെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കണം. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. കൊവിഡ് മൂന്നാംതരംഗത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. മുന്‍കാല അനുഭവങ്ങള്‍ ഇനി ആവർത്തിക്കരുതെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് ധവളപത്രം പുറത്തിറക്കിയെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഹിന്ദിയില്‍ തയ്യാറാക്കിയ ധവളപത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും സോണിയ ഗാന്ധി രംഗത്തെത്തി. വിലവർധനവിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുകയാണ്. ദുരിതകാലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ച സോണിയ ഗാന്ധി പ്രവർത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ ഉണ്ടാകുമെന്നും  പറഞ്ഞു.

Comments (0)
Add Comment