എ ഐ സി സി സമ്മേളനം വരെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിൽ സോണിയ ഗാന്ധി തുടരും എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. വെല്ലുവിളികൾ നേരിടുന്നതിന് സംഘടനയെ ശക്തിപ്പെടുത്താൻ സോണിയ ഗാന്ധിയെ പ്രവർത്തക സമിതി ചുമതലപ്പെടുത്തി. രാഹുൽ ഗാന്ധി അധ്യക്ഷ പദത്തിൽ എത്തണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരമെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ശക്തമായി പോരാടാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠേന പ്രമേയം പാസാക്കി.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും സർക്കാരിന്റെ പരാജയങ്ങൾക്കും എതിരെ ശക്തമായി ശബ്ദമുയർത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എന്ന് പ്രവർത്തക സമിതി വിലയിരുത്തി. എ ഐ സി സി സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി അധ്യക്ഷ പദത്തിൽ വരണം എന്നാണ് പാർട്ടി പ്രവർത്തകരും നേതാക്കളും ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. പ്രവർത്തക സമിതിയിലും ഇത് പ്രതിപാദിച്ചു. പാർട്ടിയിൽ പല അഭിപ്രായങ്ങളുണ്ടാകാമെങ്കിലും പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം സോണിയ ഗാന്ധി നൽകിയതായി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
സോണിയ ഗാന്ധി പാർട്ടിക്ക് നൽകിയ കത്തും, ചില നേതാക്കൾ സോണിയ ഗാന്ധിക്ക് നൽകിയ കത്തും പ്രവർത്തക സമിതി വിശദമായി ചർച്ച ചെയ്തു. ഇതിന് പുറമെ കൊവിഡ് പ്രതിസന്ധി, അതിർത്തി സാഹചര്യങ്ങൾ, സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രവർത്തക സമിതിയുടെ പരിഗണനക്ക് വന്നു.