ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് സാഹചര്യം ഇത്രയും രൂക്ഷമാക്കിയത് മോദി സർക്കാരിന്റെ പിടിപ്പുകേടും കുറ്റകരമായ അനാസ്ഥയും കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. ശാസ്ത്രീയമായ ഉപദേശങ്ങള്‍ മോദി സർക്കാർ മനപൂർവം അവഗണിച്ചതിന് രാജ്യം നല്‍കേണ്ടി വന്ന വില ഭയാനകമാണെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് സോണിയാ ഗാന്ധി മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കൊവിഡ് സാഹചര്യം അതിഭീകരമായി വഷളാക്കിയതിലൂടെ മോദി സർക്കാരിന്റെ ഭരണ പരാജയങ്ങൾ കൂടുതൽ വ്യക്തമായി. വളരെ മാരകമായ രണ്ടാമത്തെ തരംഗം ഇപ്പോൾ നമ്മെ കീഴടക്കി. മൂന്നാമത്തെ തരംഗം ഉടൻ തന്നെഎത്തുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സംവിധാനം തകർന്നിരിക്കുന്നു. കേന്ദ്ര സർക്കാർ വാക്സിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൌജന്യമായി ലഭ്യമാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ എന്നാല്‍ എതിർപ്പുകളെയോ പൊതുജനാഭിപ്രായത്തെയോ വകവെക്കാതെയാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. വാക്സിൻ വിതരണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന പിന്മാറിയ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിച്ചു. വാക്സിനേഷൻ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാക്കി എല്ലാ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം തുടരുന്നത് നാണക്കേടാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നേരിടാൻ സഹായഹസ്തം നീട്ടിയ വിദേശ രാജ്യങ്ങൾക്കും സംഘടനങ്ങൾക്കും എഐസിസിയുടെ നന്ദിയും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയാ ഗാന്ധി രേഖപ്പെടുത്തി. കൊവിഡ് രോഗ വ്യാപനം തടയാൻ കോൺഗ്രസ് പ്രവർത്തകരുടെയും എഐസിസിയുടെയും നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെയും സോണിയാ ഗാന്ധി ശ്ലാഘിച്ചു. കൊവിഡ് മഹാമാരിയില്‍ വലയുന്ന ജനത്തിന് ആശ്വാസമാകേന്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്. എഐസിസിയുടെ കൊവിഡ് കൺട്രോൾ റൂം വിശദമായ ഒരു ബ്ലൂപ്രിന്റ് തയാറാക്കുകയും കൊവിഡ് കണ്ട്രോള് റൂമുകള്‍ സംസ്ഥാന തലത്തിൽ ആരംഭിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെടുന്ന യുത്ത് കോൺഗ്രസ് പ്രവർത്തകരെയും യോഗത്തിൽ സോണിയ അഭിനന്ദിച്ചു.