അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കും, പ്രതിസന്ധിഘട്ടത്തിലും റെയില്‍വേ ചാര്‍ജ് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സോണിയ ഗാന്ധി

Jaihind News Bureau
Monday, May 4, 2020

 

സ്വദേശത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതിഥി തൊഴിലാളികളില്‍ നിന്നും പ്രതിസന്ധി ഘട്ടത്തിലും റെയില്‍വേ യാത്രാനിരക്ക് ഈടാക്കുന്നത് ആശങ്കാജനകമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ട്രെയിന്‍ ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെയും സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. 100 കോടി ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കിയ സര്‍ക്കാരിന് എന്തു കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും പി.എം കെയറിന് 151 കോടി നല്‍കിയ റെയില്‍വേയുടെ കൈയ്യില്‍ പണമില്ലെയെന്നും സോണിയാ ഗാന്ധി ചോദിച്ചു.