വാര്‍ത്ത അടിസ്ഥാന രഹിതം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സോണിയാഗാന്ധി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Friday, January 4, 2019

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സോണിയാഗാന്ധി കേരളത്തില്‍ നിന്നുള്ള ലോക് സഭ എംപിമാരെ ശാസിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി കൊടികുന്നേല്‍ സുരേഷ് എംപി. ശബരിമല വിഷയത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധമാകാമെന്നും എന്നാല്‍, ദേശീയതലത്തില്‍ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ എം പിമാര്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും സോണിയ ഗാന്ധി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെ നിഷേധിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ലോക്‌സഭയില്‍ എത്തിയ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചത്. ഒരു എം പി മറ്റുള്ളവര്‍ക്ക് കറുത്ത ബാന്‍ഡ് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി കാര്യമന്വേഷിക്കുകയും ഇത് ഇനി നല്‍കേണ്ടതില്ലെന്ന് ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണെന്ന് എം പിമാരോട് പറയുകയും ചെയ്തു. എന്നാല്‍, ഇതിനെ നിഷേധിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം പി ഇന്ന് രംഗത്തെത്തിയത്. അങ്ങനെയൊരു വിലക്ക് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.