സോണിയാഗാന്ധി: ത്യാഗത്തിന്റെ ഇതിഹാസം

ഡോ. ശശി തരൂര്‍ എം.പി

സോണിയാ ഗാന്ധിയുടെ കഥ പറയുമ്പോള്‍, ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ഗന്ധര്‍വ്വകഥകളുടെ തന്തുക്കള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. സുന്ദരിയായ ഒരു വിദേശി തീര്‍ത്തും അപരിചിതമായ ഒരു ദേശത്തുവന്ന് സുന്ദരനായ ഒരു രാജകുമാരനെ വിവാഹം കഴിക്കുന്നു. വര്‍ഷങ്ങളോളം സന്തുഷ്ടരായി കഴിഞ്ഞു ആ ദമ്പതികള്‍. ഒരു ദുഃഖസാന്ദ്രമായ സാഹചര്യത്തില്‍ രാജകുമാരന്‍ രാജ്യഭരണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. പ്രക്ഷുബ്ധമായ ഒരു രാജ്യത്തിന്റെ പരുക്കന്‍ ഭരണയാഥാര്‍ഥ്യങ്ങള്‍ അദ്ദേഹം മനസിലാക്കുന്നു. ഒടുവില്‍ ഉച്ചരിക്കാന്‍ കഴിയാത്ത ഒരു ദുഃഖസ്വപ്നമായി അദ്ദേഹവും രക്തസാക്ഷിയായി. രാജ്ഞി ഏകാന്തതയിലേക്ക് പിന്‍വാങ്ങുന്നു. കൂടെയുള്ള നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി ആ രാജ്യത്തിന്റെ വിധി നിശ്ചയിക്കാനുള്ള നിയോഗം അവര്‍ ഏറ്റെടുക്കുന്നു. ‘സന്തോഷത്തിന്റെ അലയടിയില്‍ നിന്ന് ദുരന്തങ്ങളിലേക്കുള്ള കൂപ്പുകുത്തല്‍; ദുരന്തത്തില്‍ നിന്നും വീണ്ടും വിജയത്തിലേക്ക്’ ഉദാത്തമായ കഥ. ഇതിന്റെ ആമുഖം ”പണ്ടു പണ്ട്” എന്ന് പറഞ്ഞ് തുടങ്ങേണ്ടായിരുന്നു.

കഥയില്‍ ഒരു വഴിത്തിരിവുണ്ട്. സ്വര്‍ണത്തളികയില്‍ വെച്ചുനീട്ടിയ കിരീടം രാജ്ഞി തിരസ്‌കരിക്കുന്നു. സിംഹാസനത്തിന് പിന്നില്‍, സാധാരണക്കാര്‍ക്കൊപ്പം നടന്ന്, ജനങ്ങളെ ഏകോപിപ്പിച്ച് നടക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതുകൊണ്ട് ഭരണം അനുഭവ സമ്പത്തുള്ള സഹപ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇങ്ങനെയൊരു ഗന്ധര്‍വ്വകഥ അവര്‍ എഴുതിയില്ല, പരുക്കനായ ഒരു നിരീക്ഷകന്‍ വിശേഷിപ്പിച്ചതുപോലെ ‘ ഓര്‍ബസാനോയിലെ സിന്‍ഡ്രല്ല’യുടെ പേരില്‍ കഥകള്‍ ഉണ്ടായില്ല.

സോണിയാ ഗാന്ധിയുടെ ജീവിതകഥയുടെ ഓരോ ഘട്ടവും അവിസ്മരണീയമായിരിക്കും. ഗന്ധര്‍വ്വകഥയിലെ അലങ്കാര പ്രയോഗങ്ങള്‍ അസാധാരണകളെ ഇളക്കിമറിച്ചുകൊണ്ട് ആരംഭിക്കുന്നു. ഏത് കഥയാണ് പറയേണ്ടത്? നൂറ് കോടിയില്‍പരം ജനങ്ങളുള്ള ഭാരതത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലെ ഏറ്റവും വലിയ ശക്തിയായ ഒരു ഇറ്റാലിയന്‍ വനിതയെക്കുറിച്ചാണോ? സ്വന്തം ആരാധകര്‍ക്കുപോലും പ്രവചിക്കാന്‍ കഴിയാത്ത അത്ഭുതകരമായ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് തന്റെ പാര്‍ട്ടിയെ നയിച്ച ഭരണസാരഥ്യമേറ്റെടുക്കാന്‍ വൈമനസ്യം കാണിച്ച ഒരു രാഷ്ട്രീയക്കാരിയുടെ കഥയോ? ത്യാഗത്തിന്റെ ദേശീയചിഹ്നമായി മാറിയ ഒരു രാജ്ഞിയുടെ കഥയോ? സ്വന്തം കഠിനാധ്വാനത്തിന്റെയും ചങ്കൂറ്റത്തിന്റെയും ഫലമായി രാജ്യത്തിന്റെ പരമോന്നതപദവി കൈവെള്ളയിലെത്തിയപ്പോള്‍ വേണ്ടെന്നുവെച്ച പാര്‍ലമെന്ററി നേതാവിനെക്കുറിച്ചോ? പരിഹാസങ്ങളും അസാധ്യതകളും കൊണ്ട് പൊതിയപ്പെട്ട പൊതുപ്രവര്‍ത്തനത്തില്‍ ശരിയായ മൂല്യങ്ങള്‍ എങ്ങിനെ മുറുകെപ്പിടിച്ചുനില്‍ക്കാം എന്ന് തെളിയിച്ച ആദര്‍ശവതിയായ ഒരു വനിതയെക്കുറിച്ചോ? രാഷ്ട്രീയത്തില്‍ കന്നിക്കാരിയായി തുടങ്ങി, ആ കലയുടെ ആചാര്യയായി മാറുകയും മനസാക്ഷിയില്‍ വിശ്വസിച്ചാല്‍ എപ്പോഴും ശരിയായി മാറാമെന്ന് കണ്ടെത്തുകയും ചെയ്ത വ്യക്തിയെക്കുറിച്ചോ?

സ്പാനിഷ് നോവലിസ്റ്റായ ജാവീര്‍ മോറോയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ചുവന്ന സാരി’ മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി തോമസിന്റെ ‘സോണിയ പ്രിയങ്കരി’ വരെയുള്ള പുസ്തകങ്ങള്‍ ആ പ്രഹേളികയെ അനാഛാദനം ചെയ്യാനുള്ള ശ്രമം നടത്തിയപ്പോള്‍ സോണിയാ ഗാന്ധിയുടെ കഥയാണ് പുറംലോകത്തെത്തിയത്. രാഷ്ട്രീയരംഗത്തെ അവരുടെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഓരോന്നായി പെട്ടെന്ന് എടുത്തുപറയാനാകും. 1991-ല്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോള്‍ നേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതും, 1996-ലെ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് നേതൃത്വം കൊടുക്കാന്‍ തയാറായതും, 2004-ലെ തെരഞ്ഞെടുപ്പ് ജയവും, പരമോന്നത പദവി വേണ്ടെന്നുവെച്ച് പാര്‍ട്ടിയുടെയും യു.പി.എയുടെയും നേതൃത്വം വര്‍ഷങ്ങളോളം കൊണ്ടുനടന്നതും എല്ലാം തന്നെ എടുത്തുപറയേണ്ട കാര്യങ്ങളാണ്.

കപട ദേശീയവാദികള്‍, അവരുടെ വിദേശ ജന്മത്തിന്റെ പേരില്‍ ഉതിര്‍ത്ത ആക്രോശങ്ങളും ‘ജന്മത്താല്‍ ഇറ്റാലിയന്‍ കര്‍മത്താല്‍ ഇന്ത്യന്‍’ എന്ന ആരാധകരുടെ ഘോഷങ്ങളും ഒക്കെ ഉയര്‍ത്തിയ ആ വിവാദങ്ങളില്‍ നിന്നും നമുക്ക് തെന്നിമാറാന്‍ കഴിയില്ല.

വിദേശജന്മത്തിന്റെ പേരില്‍ 1990-കളിലും 2004-ലും സോണിയാ ഗാന്ധിക്കെതിരെ ഉയര്‍ത്തിവിട്ട ആക്ഷേപങ്ങള്‍ പല കാരണങ്ങളാലും വിചിത്രമായിട്ടുള്ളതാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന തന്നെ സ്‌കോട്ട്‌ലന്‍ഡുകാരനായ അലന്‍ ഒക്ടേവിയന്‍ ഹ്യും എന്ന വ്യക്തി 1885-ല്‍ സ്ഥാപിച്ചതാണല്ലോ. കോണ്‍ഗ്രസിന്റെ അനിഷേധ്യരായ പല നേതാക്കളും (തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരുള്‍പ്പെടെ) വിദേശത്ത് ജനിച്ചവരായിട്ടുണ്ട്. മക്കയില്‍ ജനിച്ച മൗലാന അബ്ദുള്‍കലാം ആസാദ്, ബ്രിട്ടണില്‍ ജനിച്ച നെല്ലി സെന്‍ ഗുപ്ത, ഐറിഷ് വനിത ആനി ബസന്റ് എന്നിവര് ജന്മ കൊണ്ട് വിദേശികളാണ്.

പാര്‍ട്ടിയുടെ നേതൃത്തിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ സോണിയാ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘ജനിച്ചത് വിദേശത്താണെങ്കിലും ഞാന്‍ ഇന്ത്യയെ മാതൃഭൂമിയായി സ്വീകരിച്ചു കഴിഞ്ഞു.” – അവര്‍ തുറന്നുപറഞ്ഞു. ”ഞാന്‍ ഇന്ത്യാക്കാരിയാണ്. അവസാന ശ്വാസം വരെ അങ്ങനെതന്നെ തുടരുകയും ചെയ്യും. ഇന്ത്യ എന്റെ മാതൃഭൂമിയും ജീവനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടതും ആണ്” – അവര്‍ തുടര്‍ന്നു.

ഇവിടെ വിഷയം സോണിയാ ഗാന്ധിയല്ല. ഒരു വ്യക്തിയെ ഇന്ത്യക്കാരന്‍ എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണോ എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ‘നാം’ ‘അവര്‍’ എന്ന് വേര്‍തിരിച്ചുള്ള പ്രയോഗം രാഷ്ട്രമനസില്‍ വിഷം ചെലുത്തുന്ന ഏറ്റവും വികൃതമായ പ്രയോഗങ്ങളാണെന്ന് ഞാന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, സര്‍വതിനെയും ഉള്‍ക്കൊള്ളുന്ന രാജ്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന തത്വം ഇന്ത്യ മുറുകെപ്പിടിച്ചു. ഈ രാഷ്ട്രം അതിന്റെ ജനതയുടെ മേല്‍ യാതൊരുവിധത്തിലുള്ള സങ്കുചിതത്വവും അടിച്ചേല്‍പ്പിക്കുന്നില്ല. പലതായിരിക്കുമ്പോഴും നമുക്ക് ഒന്നായി നില്‍ക്കുവാന്‍ കഴിയും. ഒരു നല്ല മുസ്ലീം ആകാം, നല്ല മലയാളി ആകാം, അതിനൊപ്പം നല്ലൊരു ഇന്ത്യാക്കാരനുമാകാം. എല്ലാ തരത്തിലുള്ള ആളുകളെയും നമ്മുടെ രാഷ്ട്രം ഉല്‍ക്കൊള്ളുന്നു. ഇവരെല്ലാം ഇന്ത്യാക്കാര്‍ തന്നെയാണ്.

നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കള്‍ അവരുടെ സ്വപ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭരണഘടന തയാറാക്കി. അവരുടെ ഭാവനകള്‍ക്ക് നാം അനുവാദപത്രം നല്‍കി. ഇന്ത്യന്‍ പൗരന്മാരെ (ജന്മം കൊണ്ടോ പൗരത്വം കൊണ്ടോ ഇന്ത്യക്കാരായ വ്യക്തികളെ) പൗരത്വത്തില്‍ നിന്ന് അയോഗ്യരാക്കുന്നത് വിദ്വേഷം മാത്രമല്ല, ഇന്ത്യന്‍ ദേശീയതയുടെ സത്തയ്ക്ക് നേരെയുള്ള ആക്രമണം കൂടിയാണ്. ചിലര്‍ക്കെങ്കിലും ഇന്ത്യ എന്ന നമ്മുടെ ദേശം തിരസ്‌കരിക്കപ്പെട്ടാല്‍ നാളെ അതെല്ലാവര്‍ക്കും ബാധകമായേക്കും.

ഈ വിഷയം ഇന്ന് ചരിത്രവിദ്യാര്‍ഥികള്‍ക്ക് മാത്രം പരിശോധിക്കാനുള്ള വിഷയമാണ്. നമ്മുടെ രാഷ്ട്രം മുഴുവന്‍തന്നെ കുറേക്കാലത്തെ തെരഞ്ഞെടുപ്പിലൂടെ ഈ വിഷയത്തിന് തീര്‍പ്പ് കല്‍പിച്ചിട്ടുള്ളതാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസും യു.പി.എയും സംശയാതീതമായി സ്വീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സ്വമേധയാ ഉപേക്ഷിക്കുന്നതുവരെ അവര്‍ കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും അനിഷേധ്യ നേതാവായിരുന്നു.

രാജ്യത്തെ വിവിധ രാഷ്ട്രീയ ധാരകള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം സോണിയാ ഗാന്ധി വിജയകരമായി നിര്‍ണയിച്ചു. ഇന്ത്യയുടെ സമ്പന്നമായ ബഹുസ്വരതയോടും വൈവിധ്യത്തോടും ഉള്ള അചഞ്ചലമായ വിധേയത്വത്തിലൂടെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ജാതി താല്‍പര്യങ്ങളിലും മതമേധാവിത്വത്തിലും ഊന്നിക്കൊണ്ടുള്ള വോട്ട് പിടിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വേര്‍തിരിച്ചുനിര്‍ത്തിയത് അവരുടെ പ്രയത്‌നഫലമാണ്. അങ്ങിനെ യഥാര്‍ഥവും സമഗ്രവുമായ ദേശീയ വീക്ഷണത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് വേറിട്ടുനിന്നു. താഴേക്കിടയിലുള്ള ജനങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥയെ ജന്മസഹജമായ കാരുണ്യത്തിലൂടെ നോക്കിക്കണ്ട സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ നിര്‍ണായകമായ നിരവധി ക്ഷേമനടപടികള്‍ കൈക്കൊണ്ടു. ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, നഗരവികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും ഭരണകൂടത്തിനുള്ള ഉത്തരവാദിത്വം തുടങ്ങിയ നിയമനിര്‍മ്മാണങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കാത്ത മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നരേന്ദ്ര മോദിക്ക് പോലും തകര്‍ക്കാന്‍ കഴിഞ്ഞില്ല. സോണിയാ ഗാന്ധിയുടെ ദയാര്‍ദ്രമായ കാഴ്ചപ്പാടിന്റെ ഒരു മാതൃകയാണ് ഈ പദ്ധതി. ജനാധിപത്യത്തോടും സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തോടും ഉള്ള അവരുടെ ആദരവാണ് വിവരാവകാശ നിയമത്തിന് പിന്നില്‍.

ആര്‍ക്കുവേണ്ടിയാണ് ഇന്ത്യ തിളങ്ങുന്നത് എന്ന് സ്വയം ചോദിക്കാതെ എന്‍.ഡി.എ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍, രാജ്യത്തെ ഇടതു കക്ഷികള്‍ സാമ്പത്തികവളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള എല്ലാ പുരോഗമന നടപടികളെയും എതിര്‍ത്തവരാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ വികസനത്തിനും നീതിക്കും വേണ്ടി ശക്തിയായി പ്രവര്‍ത്തിച്ചു. ‘പങ്കാളിത്ത വികസനം’ എന്നാണ് ആ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഈ പ്രയാണത്തില്‍ സോണിയഗാന്ധി ഒരു മധ്യ നിലപാട് കൈക്കൊണ്ടു, ചിലരിതിനെ ഇടത്തോട്ട് ചാഞ്ഞ മധ്യനിലപാട് എന്നും വിശേഷിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കുവാനുള്ള അടിത്തറയാണവര്‍ പാകിയത്.

2014-ല്‍ സോണിയാ ഗാന്ധി ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞത് തന്റെ യഥാര്‍ഥ ജീവിതകഥ അറിയണമെന്നുണ്ടെങ്കില്‍ താന്‍ തന്നെ എഴുതുന്ന പുത്സതകത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരുമെന്നാണ്. ഒരുദിവസം അവര്‍ ആ പുസ്തകം എഴുതിയേക്കും. എന്നാല്‍ ജനലക്ഷങ്ങള്‍ക്കുവേണ്ടി ഞാന്‍ പറയട്ടെ, അവര്‍ എഴുതുന്നതുവരെ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല…

(ഇന്ത്യ എന്ന രാഷ്ട്രത്തിന് ഓഗസ്റ്റ് 15-ന് 71 വയസ് തികയുമ്പോള്‍ ഔട്ട്‌ലുക്ക് വാരിക രാഷ്ട്ര ചരിത്രത്തില്‍ മായ്ച്ചാലും മായാത്ത ഏടുകള്‍ രചിച്ച 21 വ്യക്തികളെ കണ്ടെത്തി അവരെ കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഡോ.ശശി തരൂര്‍ എം.പി സോണിയാ ഗാന്ധിയെക്കുറിച്ച് എഴുതിയതാണ് ലേഖനം)

Comments (0)
Add Comment