ലോക്ക് ഡൗൺ നടപ്പിലാക്കിയ രീതി തെറ്റ്; പൊതു മിനിമം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം : സോണിയാ ഗാന്ധി | Video

Jaihind News Bureau
Thursday, April 2, 2020

ന്യൂഡല്‍ഹി : കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിടുക്കപ്പെട്ട് നടപ്പിലാക്കിയ ലോക്ക് ഡൗൺ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കാൻ ഒരു പൊതു മിനിമം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.  കോവിഡ്-19ന് രാഷ്ട്രീയ, ജാതി, മത ലിംഗ ഭേദമില്ല. സാമൂഹിക അകലം പാലിച്ച് രാജ്യത്തിന്‍റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാവ്യാധിയെ നേരിടാമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി

കൊവിഡ് പ്രതിസന്ധിക്ക് ലോക്ക് ഡൗൺ അല്ലാതെ മറ്റ് വഴിയില്ലായാരിക്കാം. എന്നാൽ തീരെ ആലോചനയില്ലാതെയാണ് ഇത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളെയും സാധാരണക്കാരെയും ഈ നടപടി വലച്ചു. രാജ്യത്തെ കൊവിഡ് രോഗികളുടെയും ചികിത്സാ സൌകര്യങ്ങളുടെയും വൈദ്യ സഹായ ലഭ്യത സംബന്ധിച്ച കണക്കുകളും കേന്ദ്ര സർക്കാർ വെളിപ്പെടുത്തണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

നിലവിലെ പ്രതിസന്ധി വലുതാണെന്നും എന്നാല്‍ നമ്മുടെ നിശ്ചയാദാര്‍ഢ്യംകൊണ്ട് അതിനെ മറികടക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി ഓർമപ്പെടുത്തി. ഇതിനായി ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി മറികടക്കാനായി കർമനിരതരായ ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ മനുഷ്യത്വവും സാഹോദര്യവും വർധിക്കുന്നതായും സോണിയാ ഗാന്ധി പറഞ്ഞു.

കൊവിഡിനെ നേരിടാന് സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പ്രവര്‍ത്തക സമിതി അംഗങ്ങളെ അഭിസംബോധന ചെയ്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന്മന്‍മോഹന്‍ സിംഗ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളടക്കമുള്ള വിഷയങ്ങള്‍പ്രവര്‍ത്തകസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി , കെ.സി വേണുഗോപാല്‍ എന്നിവരും പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു വർക്കിംഗ് കമ്മിറ്റി യോഗം നടത്തിയത്.