സോണിയാ ഗാന്ധി ഇനി രാജ്യസഭയില്‍; രാജസ്ഥാനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

 

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. 25 വർഷമായി റായ്ബറേലി മണ്ഡലത്തെയാണ് സോണിയ പ്രതിനിധീകരിച്ചിരുന്നത്.

ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയിൽ ഇക്കുറി മത്സരിക്കാനിറങ്ങിതിരുന്നതെന്ന് കോൺഗ്രസ് അറിയിച്ചു. പതിറ്റാണ്ടുകളായി റായ്ബറേലി മണ്ഡലത്തിൽ നിന്നാണ് സോണിയാ ഗാന്ധി മത്സരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ കൂടെ നിന്നതടക്കം ചൂണ്ടിക്കാട്ടി വോട്ടർമാർക്ക് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി കത്തയച്ചിരുന്നു.

ലോക്സഭയിൽ മത്സരിക്കാൻ സോണിയ ഗാന്ധി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യം കണക്കിലെടുത്ത് പ്രചാരണത്തിന് ഇറങ്ങരുതെന്ന് കുടുംബവും ഡോക്ടർമാരും നിലപാട് എടുത്തതോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. സോണിയാ ഗാന്ധിയോടൊപ്പം രാജസ്ഥാനിൽ നിന്നും ബിജെപി സ്ഥാനാർത്ഥികളായ ചുന്നിലാല്‍ ഗരാസിയ, മദൻ റാത്തോർ എന്നിവരും രാജ്യസഭ എംപിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂല്‍ എംപിമാരായി പശ്ചിമ ബംഗാളില്‍ നിന്ന് സാഗരിക ഘോഷ്, സുഷ്മിത ദേവ്, മമത ബാല താക്കൂർ, നദിമുല്‍ ഹഖ് എന്നിവരും രാജ്യസഭയിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

Comments (0)
Add Comment